For reading malayalam..

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ലോഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
കര്‍ക്കടകരാമായണം പൂര്‍ണ്ണമായും എന്‍റെ ആഖ്യാന ശൈലിയാണ്.ദയവായി ഇത് മോഷ്ടിക്കരുതേ, ആവശ്യമുള്ളവര്‍ അറിയിക്കണേ..

അദ്ധ്യായം 01 - ഏഴാമത്തെ അവതാരം


ത്രിമൂര്‍ത്തികള്‍..
ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്‍.
ഭൂമിയിലുള്ള സകല ജീവജാലങ്ങളെയും സൃഷ്ടിക്കുന്നത് ബ്രഹ്മാവും, അവയുടെ സ്ഥിതിയും പരിപാലനവും വിഷ്ണുവും, സംഹാരം മഹേശ്വരനും നടത്തുന്നതായാണ്‌ കരുതി പോകുന്നത്.എന്നിരുന്നാലും ധര്‍മം നിലനിര്‍ത്താന്‍ വിഷ്ണുഭഗവാനു പല അവതാരങ്ങള്‍ എടുക്കേണ്ടി വന്നിട്ടുണ്ട്.അങ്ങനെ എടുത്ത ഏഴാമത്തെ അവതാരം മനുഷ്യരൂപത്തിലായിരുന്നു.
സ്വഭാവത്തിലും, പ്രവൃത്തിയിലും പൂര്‍ണ്ണമായ ഒരു മനുഷ്യരൂപം..
അദ്ദേഹമാണ്‌ രാമായണ കഥയിലെ നായകന്‍..
ശ്രീരാമദേവന്‍!!

വില്ലനെ എതിര്‍ക്കുന്നവനാണ്‌ നായകന്‍.വില്ലന്‍ എത്രത്തോളം ശക്തിമാനാകുന്നോ, അത്രത്തോളം കഥയില്‍ നായകന്‌ പ്രാധാന്യം വര്‍ദ്ധിക്കും.ശ്രീരാമഭഗവാനെ പോലെ പൂര്‍ണ്ണഭാവത്തില്‍ മഹാവിഷ്ണു അവതരിക്കാന്‍ കാരണവും ശക്തനായ ഒരു വില്ലനായിരുന്നു..
ആ വില്ലനാണ്..
രാവണന്‍!!
പത്ത് തലയുള്ളവന്‍..
കലാപ്രവര്‍ത്തനമായി ബന്ധപ്പെട്ട് പറഞ്ഞാല്‍, ഒറ്റക്ക് സമൂഹഗാനം പാടുന്നവന്‍..
ആരോഗ്യമായി ബന്ധപ്പെട്ട് പറഞ്ഞാല്‍, ജലദോഷം വന്നാല്‍ കഷ്ടപ്പെടുന്നവന്‍..
സൌന്ദര്യമായി ബന്ധപ്പെട്ട് പറഞ്ഞാല്‍, ഷേവ് ചെയ്യാന്‍ ബ്ലേഡ് കമ്പനി തുടങ്ങിയവന്‍..
സാമ്പത്തികവുമായി ബന്ധപ്പെട്ട് പറഞ്ഞാല്‍, പത്ത് കിരീടത്തിനു കാശ് മുടക്കുന്നവന്‍..
ഒരു ഭയങ്കര രാക്ഷസന്‍!!

രാവണന്‍റെ ബയോടേറ്റാ ഇപ്രകാരമാണ്..
പേര്: രാവണന്‍
ആരോഗ്യം: ആറടി, നൂറ്‌ കിലോ
വീക്ക്‌നെസ്സ്: പൊട്ടിച്ചിരി
രാജ്യം: ലങ്ക
പൊസിഷന്‍: രാജാവ്
ഭാര്യ: മണ്ഡോദരി
സഹോദരര്‍:
കുംഭകര്‍ണ്ണന്‍ (അമ്പതടി, ആയിരം കിലോ, ഉറങ്ങാനുള്ള വരം ചോദിച്ച് വാങ്ങിയവന്‍, ബുദ്ധിമാനായ മണ്ടന്‍‍)
വിഭീഷണന്‍(ശ്രീരാമഭക്തന്‍, സൌമ്യശീലന്‍)
സഹോദരി:
ശൂര്‍പ്പണക(ആവശ്യത്തില്‍ കൂടുതല്‍ ശരീരമുള്ള രാക്ഷസി, രാമായണ കഥയുടെ പാതിയില്‍ ആ കൂടുതലുള്ള ശരീര ഭാഗം ലക്ഷ്മണന്‍ ചെത്തി കളയും, അത് വഴിയെ പറയാം)
മെയിന്‍ സന്താനം:
ഇന്ദ്രജിത്ത്(മേഘത്തെ പോലെ ഗര്‍ജ്ജിച്ചതിനാല്‍ മേഘനാഥന്‍ എന്നും അറിയപ്പെടുന്നു, എന്‍റെ അറിവില്‍ മഹാ താന്തോന്നി)

മനുഷ്യനാല്‍ മാത്രമേ വധിക്കപ്പെടു എന്നൊരു വരം രാവണനു ലഭിച്ചിട്ടുണ്ട്.
നിങ്ങളൊന്ന് ആലോചിച്ച് നോക്കിയേ..
പത്ത് തലയും, ഇരുപത് കൈയ്യുമുള്ള ഒരു സത്വം നേരിട്ട് വന്ന് യുദ്ധത്തിനു വിളിച്ചാല്‍, സ്വബോധമുള്ള ഏതെങ്കിലും മനുഷ്യന്‍ എതിര്‍ക്കുമോ?
തീര്‍ച്ചയായും ഇല്ല!!
ഈ കാരണത്താല്‍ അഹങ്കാരിയായ രാവണന്‍ എല്ലാ ജീവജാലങ്ങളെയും ഉപദ്രവിക്കാന്‍ തുടങ്ങി.അവറ്റകള്‍ വിഷമിക്കുന്ന കാണുമ്പോള്‍ അത് കണ്ട് പൊട്ടിച്ചിരിക്കുന്നത് ഒരു ഹോബിയാക്കി മാറ്റി.ഒരു തലയുള്ളവന്‍ അലറി ചിരിച്ചാല്‍ ബാക്കിയുള്ളവര്‍ക്ക് ചെവിതല കേള്‍ക്കില്ല, അപ്പോള്‍ പത്ത് തലയുള്ള രാവണന്‍ ചിരിച്ചാലോ?
അതും പൊട്ടി പൊട്ടി ചിരിച്ചാലോ??
അസഹനീയം തന്നെ!!
ഒടുവില്‍ ഇങ്ങേരുടെ പരാക്രമം കാരണം ഭൂമി ദേവി സഹികെട്ടു!!

അങ്ങനെ ഭൂമിദേവിയുടെ അപേക്ഷപ്രകാരം ബ്രഹ്മാവും, മഹേശ്വരനും, മറ്റുള്ള ദേവതകളും വിഷ്ണുഭഗവാനോട് സങ്കടം ഉണര്‍ത്തിച്ചു.രാവണന്‍റെ അതിക്രമത്തെ പറ്റി പറഞ്ഞിട്ട് ബ്രഹ്മാവ് തങ്ങളുടെ ആവശ്യം ഇപ്രകാരം അറിയിച്ചു:

"മര്‍ത്ത്യനാലൊഴിഞ്ഞവനില്ല മറ്റാരാലുമേ
മൃത്യുവെന്നതും മുന്നേ കല്പിതം ജഗല്‍പതേ
നിന്തിരുവടിതന്നെ മര്‍ത്ത്യനായ് പിറന്നിനി
പംക്തികന്ധരന്‍ തന്നെ കൊല്ലണം ദയാനിധേ"

അവരുടെ ആഗ്രഹപ്രകാരം വിഷ്ണുഭഗവാന്‍ രാമനായും, ലക്ഷ്മിഭഗവതി സീതയായും, ദേവന്‍മാര്‍ വാനരന്‍മാരായും, അനന്തന്‍ ലക്ഷ്മണനായും, ശംഖും ചക്രവും ഭരതശത്രുഘനന്‍മാരായും ജനിക്കാന്‍ തീരുമാനമെടുത്തു.അങ്ങനെ രാവണന്‍ എന്ന മഹാദുഷ്ടനെ കൊല്ലുവാന്‍, നന്മയുടെ അവതാരമായ ശ്രീരാമഭഗവാന്‍റെ ജന്മത്തിനു ഒരു കാരണമായി ഈ സംഭവം മാറി.
© Copyright
All rights reserved
Creative Commons License
Karkadaka Ramayanam by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com