For reading malayalam..

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ലോഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
കര്‍ക്കടകരാമായണം പൂര്‍ണ്ണമായും എന്‍റെ ആഖ്യാന ശൈലിയാണ്.ദയവായി ഇത് മോഷ്ടിക്കരുതേ, ആവശ്യമുള്ളവര്‍ അറിയിക്കണേ..

അദ്ധ്യായം 04 - നാരദനും മന്‌ഥരയും


ഇവിടെ അയോദ്ധ്യാകാണ്ഡം ആരംഭിക്കുന്നു..

ബാലകാണ്ഡത്തിന്‍റെ അവസാനം സൂചിപ്പിച്ച പോലെ, ശ്രീരാമഭഗവാന്‍ സീതാ ദേവിയോടൊപ്പം അയോദ്ധ്യയില്‍ സന്തോഷത്തോടെ വാണിരുന്ന കാലഘട്ടം..
പതിവില്ലാതെ, ഒരു ദിവസം ഭഗവാനെ കാണാന്‍ ഒരാള്‍ വന്നു..
നാരദന്‍!!
വളരെ നല്ലൊരു വ്യക്തി..
വളരെ വളരെ നല്ല സ്വഭാവം!!
'നാരായണ നാരായണ' എന്ന് പറഞ്ഞ് കൊണ്ട് ലോകം മൊത്തം സഞ്ചരിക്കുന്ന മുനിവര്യന്‍.ഇങ്ങനെ സഞ്ചരിക്കുന്ന കൂട്ടത്തില്‍, എവിടേലും രണ്ട് പേര്‌ ചിരിച്ചോണ്ട് സംസാരിക്കുന്നത് കണ്ടാല്‍ അവിടെ പ്രത്യക്ഷനാകും, അഞ്ച് മിനിറ്റ് അവരോട് സംസാരിക്കും, എന്നിട്ട് തിരിച്ച് പോരും.അങ്ങനെ നാരദര്‍ അപ്രത്യക്ഷനായി കഴിയുമ്പോള്‍ ചിരിച്ച് കൊണ്ടിരുന്നവര്‍ തമ്മില്‍ തല്ലുന്നത് കാണാം.
അതിനു നാരദരെന്ത് പിഴച്ചു??
അദ്ദേഹം ഒരു പുണ്യ പ്രവൃത്തി ചെയ്തു..
അത്ര മാത്രം!!
അങ്ങനുള്ള നാരദരാണ്‌ ഇപ്പോള്‍ ഭഗവാന്‍റെ അടുത്ത് വന്നിരിക്കുന്നത്..
എന്തിനാണെന്നല്ലേ??
പറയാം..

ശ്രീരാമന്‍ വിഷ്ണുഭഗവാന്‍റെ മനുഷ്യരൂപമാണ്.ലൌകികസുഖങ്ങളില്‍ മുഴുകുന്നത് മനുഷ്യസഹജമാണ്‌.സീതയോടൊപ്പം അയോധ്യയിലെ താമസത്തിനിടയില്‍ രാവണവധം എന്ന ജന്മലക്ഷ്യം ഭഗവാന്‍ മറക്കരുത്.അത് ഓര്‍മ്മിപ്പിക്കുകയായിരുന്നു നാരദരുടെ ആഗമനോദ്ദേശം.
അല്ലാതെ നിങ്ങള്‍ കരുതുന്ന പോലെ രാമനും രാവണനും തമ്മില്‍ തല്ലുന്നത് കണ്ട് സന്തോഷിക്കുക എന്നുള്ള ദുരുദ്ദേശമൊന്നും നാരദനില്ല..
സത്യം..
നാരദന്‍ പണ്ടേ പാവമാ!!
എന്ത് തന്നെയായാലും, ലൌകികസുഖങ്ങളില്‍ മുഴുകി, ജന്മ ലക്ഷ്യം മറക്കുന്ന ഒരു സാധാരണ മനുഷ്യനല്ല താനെന്നുള്ള മഹാസത്യം രാമദേവന്‍ നാരദനെ ബോധിപ്പിച്ചു.
നാരദന്‍ സന്തോഷത്തോടെ യാത്രയായി.

രാമദേവന്‍റെ ഉദ്ദേശം രാവണവധമാണെങ്കില്‍, ദശരഥ മഹാരാജാവിന്‍റെ ഉദ്ദേശം ശ്രീരാമപട്ടാഭിക്ഷേകമായിരുന്നു.രാജ്യഭാരം രാമനേ ഏല്‍പ്പിച്ച്, തന്‍റെ ജോലിഭാരങ്ങളില്‍ നിന്നും പെന്‍ഷന്‍ പറ്റാനുള്ള ചെറിയൊരു മോഹം.അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം വസിഷ്ഠന്‍, സുമന്ത്രരേ പട്ടാഭിക്ഷേകത്തിനുള്ള ഒരുക്കങ്ങള്‍ നടത്താന്‍ ഏല്‍പ്പിച്ചു.അതിനു ശേഷം മുനി തന്നെ രാമദേവനോട് ഇതിനെ കുറിച്ച് സൂചിപ്പിക്കുകയും ചെയ്തു.
അങ്ങനെ ശ്രീരാമപട്ടാഭിക്ഷേക ഒരുക്കങ്ങള്‍ തുടങ്ങി..

ഇത് ദേവലോകത്ത് ചര്‍ച്ചാ വിഷയമായി..
പട്ടാഭിക്ഷേകം മുടക്കണം, എന്നാലെ രാവണ വധം നടക്കു..
എന്ത് വഴി??
അവസാനം ഒരു വഴി തെളിഞ്ഞു.അതിന്‍ പ്രകാരം ദേവകളെല്ലാം സരസ്വതി ദേവിയെ സമീപിച്ചു.വാക്കിന്‍റെ ദേവി, വാചകങ്ങളുടെ ദേവി, വിദ്യയുടെ ദേവി, അതാണ്‌ സരസ്വതി.ദേവകള്‍ ദേവിയോട് തങ്ങളുടെ ആവശ്യം ഉന്നയിച്ചു..
മറ്റൊന്നുമല്ല, ഒരു സരസ്വതി വിളയാട്ടം..
അതും മന്‌ഥരയുടെ നാവില്‍.

മന്‌ഥര..
ഏവരും അറിഞ്ഞിരിക്കേണ്ട ഒരു അവതാരം.
ജീവിതത്തില്‍ എപ്പോഴും കണ്ട് മുട്ടാന്‍ സാദ്ധ്യതയുള്ള, ഏഷണിക്കാരായ ചില സ്ത്രീകളുടെ മൂര്‍ത്തി ഭാവം.ഭരതകുമാരന്‍റെ അമ്മയും, ദശരഥ മഹാരാജാവിന്‍റെ രണ്ടാമത്തെ പത്നിയുമായ കൈകേയിയുടെ ദാസി.രാമകുമാരനെ ഇഷ്ടപ്പെടുന്ന കൈകേയിയോട്, സരസ്വതി വിളയാട്ടം നടന്ന നാവ് കൊണ്ട്, മന്‌ഥര പട്ടാഭിക്ഷേകം അറിയിച്ചത് എങ്ങനെയാണെന്ന് നോക്കാം..

കൈകേയിയുടെ കൊട്ടാരം..
കൈകേയിയുടെ അടുത്തെത്തിയ മന്‌ഥര താടിക്ക് കൈയ്യും കൊടുത്ത് പറഞ്ഞു:
"എന്നാലും മഹാരാജാവ് ഇങ്ങനെ ചെയ്തു കളഞ്ഞല്ലോ?"
സന്ധ്യയ്ക്ക് മഹാരാജാവിന്‍റെ വരവും പ്രതീക്ഷിച്ച് നിന്ന കൈകേയിക്ക് ഒന്നും മനസിലായില്ല.അതിനാല്‍ അത് തുറന്ന് ചോദിച്ചു:
"എന്ത് പറ്റി മന്‌ഥരേ?"
"അല്ല, ഭരതകുമാരനില്ലാത്ത സമയത്ത് രാമകുമാരനെ രാജാവാക്കാന്‍ പോകുന്നു"
വളരെ നല്ല കാര്യം!!
ശ്രീരാമനു കൌസല്യയെക്കാള്‍ ഇഷ്ടം കൈകേയിയോടാണ്, അത് കൈകേയിക്കും അറിയാം.എന്നിട്ടും മന്‌ഥര എന്താണ്‌ പറഞ്ഞതെന്ന് മനസിലാകാതെ അന്തം വിട്ട് നിന്ന കൈകേയിയോട്, ദാസി ഒരു വാചകം കൂടി പറഞ്ഞു:
"ഇനി ഇവിടെ എല്ലാ അധികാരവും കൌസല്യക്കാ"
അത് കേട്ടതും കൈകേയിക്ക് അങ്കലാപ്പായി.എങ്കിലും ഉണ്ടായിരുന്ന സ്വല്പം ആത്മവിശ്വാസമെടുത്ത് കൈകേയി പറഞ്ഞു:
"ഹേയ്, രാമന്‍ അങ്ങനെ ചെയ്യില്ല"
കൈകേയില്‍ സംശയം ഉടലെടുത്തെന്ന് മനസിലായ മന്‌ഥര, ദേവിയുടെ ബാക്കിയുള്ള ആത്മവിശ്വാസത്തിനു മേല്‍ അവസാന ആണിയടിച്ചു:
"ഞാന്‍ പറയാനുള്ളത് പറഞ്ഞു, ഇനി ദേവിയുടെ ഇഷ്ടം"
പോരെ പൂരം??
നല്ലത് മാത്രം നിനച്ചിരുന്ന മനസില്‍, നാല്‌ വാക്കില്‍ നിന്നും തിന്മ ഉദിച്ചപ്പോല്‍ കൈകേയി അറിയാതെ ആരാഞ്ഞു:
"മന്‌ഥരേ, ഇനി എന്തോ ചെയ്യും?"
അതിനു മറുപടിയായി മന്‌ഥര ഒരു ഉപായം ചൊല്ലി കൊടുത്തു, അയോധ്യയെ ഒന്നായി നടുക്കുവാന്‍ കെല്പുള്ള ഒരു വൃത്തികെട്ട ഉപായം.

പണ്ട് ദേവാസുരയുദ്ധത്തില്‍ ദേവന്‍മാരെ സഹായിക്കാന്‍ ചെന്ന ദശരഥന്‍റെ കൂടെ കൈകേയിയും ഉണ്ടായിരുന്നു.യുദ്ധമദ്ധ്യേ ദശരഥന്‍റെ തേരിന്‍റെ അച്ചുതണ്ട് ഊരിപോയി.ആ സമയത്ത് തേരിന്‍റെ ചക്രം വേര്‍പെട്ട് തേര്‌ തകരാതിരിക്കാന്‍ വേണ്ടി, കൈകേയി തന്‍റെ വിരല്‍ രഥാക്ഷകീലമായി ഉപയോഗിച്ചു.അതില്‍ സന്തുഷ്ടനായ ദശരഥന്‍, രണ്ട് വരങ്ങള്‍ ചോദിക്കാനുള്ള അനുവാദം കൊടുത്തു.അന്ന് ചോദിക്കാതിരുന്ന വരങ്ങള്‍ ഇപ്പോള്‍ ചോദിക്കണം..
ഒന്ന്: ഭരതനെ രാജാവായി വാഴിക്കുക
രണ്ട്: രാമന്‍ പതിനാല്‌ വര്‍ഷം കാട്ടില്‍ കഴിയുക
അത് ലഭിക്കുന്ന വരെ ക്രോധ ഭാവത്തില്‍ ഇരിക്കണം.
ഇതായിരുന്നു മന്‌ഥര ഉപദേശിച്ച ഉപായം.

കൈകേയിയുടെ കോപം അറിഞ്ഞ് ദശരഥ മഹാരാജാവ് വന്നു.കൈകേയിയേ കണ്ട് സ്ഥിരം വാചകങ്ങള്‍...
പണക്കാരനെ പാവപ്പെട്ടവനാക്കാം, പാവപ്പെട്ടവനെ പണക്കാരനാക്കാം, ആനയെ ചേനയാക്കാം..
കൈകേയിക്ക് അനക്കമില്ല!!
സഹികെട്ട് മഹാരാജാവ് പറഞ്ഞു:
"എന്ത് വേണേലും ഞാന്‍ ചെയ്യാം, എന്താണ്‌ ആഗ്രഹം?"
കൈകേയി ആവശ്യം പറഞ്ഞു..
മന്‌ഥര ഉപദേശിച്ച് കൊടുത്ത ആ രണ്ട് വരങ്ങള്‍!!
ദശരഥ മഹാരാജാവിനു സന്തോഷമായി..
ബോധം കെട്ട് വീഴുകയല്ലാതെ മറ്റ് വഴിയില്ല എന്ന് പൂര്‍ണ്ണ ബോധമുള്ള അദ്ദേഹം ബോധംകെട്ട് വീണു!!
ഇപ്പോള്‍ ബോധം കെട്ടിട്ട് എന്ത് കാര്യം??
'പ്രിയേ ഇന്നാ വരം' എന്ന് വച്ച് കാച്ചിയപ്പോള്‍ ആലോചിക്കണമായിരുന്നു!!

കഥ ഇവിടെ നില്‍ക്കട്ടെ..
ഒരു കാര്യം ശ്രദ്ധിച്ചോ?
കൈകേയി എത്ര നല്ല കഥാപാത്രമായിരുന്നു.മന്‌ഥരയോട് കൂടിയപ്പോഴുള്ള മാറ്റം കണ്ടില്ലേ??
ഇതാ പറയുന്നത്..

"ദുര്‍ജ്ജന സംസര്‍ഗ്ഗമേറ്റമകലവേ
വര്‍ജ്ജിക്കവേണം പ്രയത്നേന സല്‍പൂമാന്‍
കജ്ജളം പറ്റിയാല്‍ സ്വര്‍ണ്ണവും നിഷ്പ്രഭം"
© Copyright
All rights reserved
Creative Commons License
Karkadaka Ramayanam by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com