For reading malayalam..

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ലോഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
കര്‍ക്കടകരാമായണം പൂര്‍ണ്ണമായും എന്‍റെ ആഖ്യാന ശൈലിയാണ്.ദയവായി ഇത് മോഷ്ടിക്കരുതേ, ആവശ്യമുള്ളവര്‍ അറിയിക്കണേ..

അദ്ധ്യായം 02 : രണഭൂമിയിലേക്ക് ശ്രീരാമന്‍


ഇനി കഥ ഭൂമിയിലാണ്..
അതും അയോദ്ധ്യയില്‍..
ഈ നാട്ടിലെ രാജാവിനെ കുറിച്ച് ഒരു ചെറിയ വിവരണം..

രാജാവ്: ദശരഥന്‍
സ്വഭാവം: ഉത്തമം
രാജ്ഞിമാര്‍:
കൌസല്യ, കൈകേയി, സുമിത്ര
(മൂന്ന് പേരുള്ളതില്‍ ആരും പേടിക്കണ്ട്.ഉത്തമപുരുഷനും, ഉത്തമരാജാവുമായ ദശരഥന്‍ ഒരു ഉത്തമഭര്‍ത്താവ് കൂടിയാണ്.നോ പാര്‍ശ്വാലിറ്റി)
ഇദ്ദേഹത്തിനു ഒരു ദുഃഖം മാത്രമേ ഉള്ളു, മക്കളില്ല.ആ ദുഃഖം പരിഹരിക്കാന്‍ വസിഷ്ഠമുനിയുടെ നിയോഗത്തിനാല്‍, ഋഷ്യശൃംഗനെ വരുത്തി, സരയൂതീരത്തില്‍ വച്ച് അദ്ദേഹം ഒരു യാഗം നടത്തി..
പുത്രകാമേഷ്ടി യാഗം!!

കശ്യപ പ്രജാപതിയും, ഭാര്യ അദിതിയും വിഷ്ണുഭഗവാന്‍ പുത്രനായി പിറക്കാന്‍ വൃതമെടുത്തവരാണ്.പക്ഷേ ആ ജന്മത്തില്‍ അത് സാധിച്ചില്ല, അവരുടെ അടുത്ത ജന്മം ദശരഥനായും, കൌസല്യയായും ആയിരുന്നു.ഈ ദശരഥന്‍ പുത്രന്‍മാരുണ്ടാവാന്‍ പുത്രകാമേഷ്ടി നടത്തിയതും, വിഷ്ണുഭഗവാന്‍ രാവണനിഗ്രഹത്തിനായി മനുഷ്യനായി പിറക്കാന്‍ തീരുമാനിച്ചതും ഒരേ സമയമായത് ദൈവഹിതം.

പുത്രകാമേഷ്ടി യാഗത്തിനൊടുവില്‍ പ്രത്യക്ഷനായ വഹ്നിദേവന്‍, പ്രസാദമായി ദശരഥനു ഒരു പായസം നല്‍കി, എന്നിട്ട് അത് രാജ്ഞിമാര്‍ക്ക് കൊടുക്കാന്‍ ഉപദേശിച്ചു.ഇടത് വശത്ത് നിന്ന കൌസല്യയ്ക്ക് ഒരു പകുതിയും, വലത്ത് വശത്ത് നിന്ന കൈകേയിക്ക് മറുപകുതിയും നല്‍കിയ ദശരഥന്‍, പുറകില്‍ നിന്ന സുമിത്രയേ പറ്റി ഓര്‍ത്തില്ല.
പക്ഷേ മറ്റു രണ്ട് രാജ്ഞിമാരും തങ്ങള്‍ക്ക് കിട്ടിയതിന്‍റെ പപ്പാതി സുമിത്രയ്ക്ക് നല്‍കി..
ഇപ്പോള്‍ കൌസാല്യയ്ക്ക് ഒരു ഭാഗം, കൈകേയിക്ക് ഒരു ഭാഗം, സുമിത്രയ്ക്ക് രണ്ട് ഭാഗം എന്നായി പായസത്തിന്‍റെ അളവ്.അവര്‍ക്ക് പുത്രന്‍മാര്‍ ജനിച്ചപ്പോഴും ഇതേ രീതിയാരുന്നു..
ആകെ നാല്‌ ബാലന്‍മാര്‍..
കൌസല്യയ്ക്ക് ഒന്ന്, കൈകേയിക്ക് ഒന്ന്, സുമിത്രയ്ക്ക് രണ്ട് വീതം പുത്രന്‍മാര്‍.
അവര്‍ ആരൊക്കെയാണെന്ന് പറയാം..

ശ്രീരാമന്‍:
ഉച്ചത്തില്‍ പഞ്ചഗ്രഹങ്ങള്‍ നിന്നപ്പോള്‍ ജനിച്ച വിഷ്ണുവിന്‍റെ അവതാരം, ശ്യാമളനിറം പൂണ്ട കോമളകുമാരന്‍, കൌസല്യാ തനയന്‍.
ഭരതന്‍:
ഭരണനിപുണനായ, കൈകേയി തനയന്‍, വിഷ്ണുഭഗവാന്‍റെ ശംഖ് മനുഷ്യരൂപം പൂണ്ടത്.
ലക്ഷ്മണന്‍:
ലക്ഷണന്വിതനായ, സുമിത്രാതനയന്‍, അനന്തന്‍റെ മനുഷ്യരൂപം.
ശത്രുഘനന്‍:
ശത്രുവൃന്ദത്തെ ഹനിക്കുന്ന, സുമിത്രാതനയന്‍, വിഷ്ണുഭഗവാന്‍റെ ചക്രം മനുഷ്യരൂപം പൂണ്ടത്.

ജനിച്ച് വീണ ശ്രീരാമന്‍, വിഷ്ണുഭഗവാന്‍റെ വിശ്വരൂപം കൈ കൊണ്ടു.സത്യം മനസിലാക്കിയ കൌസല്യ അദ്ദേഹത്തോടെ അപേക്ഷിച്ചു:

"കേവല മലൌകികം വൈഷ്ണവമായ രൂപം
ദേവേശ! മറയ്ക്കണം മറ്റുള്ളോര്‍ കാണും മുമ്പേ"
അങ്ങനെ ഭഗവാന്‍ ഒരു മനുഷ്യ കുഞ്ഞായി രൂപം കൊണ്ടു!!

പകുത്ത് കൊടുത്ത പായസപ്രകാരം ശ്രീരാമനും ലക്ഷ്മണനും ഒരുമിച്ചും, ഭരതനും, ശത്രുഘനനും ഒരുമിച്ചും ആയിരുന്നു കളിച്ച് വളര്‍ന്നത്.വസിഷ്ട മുനിയെ ഗുരുവായ് കണ്ട് അവര്‍ വിദ്യകളെല്ലാം അഭ്യസിച്ചു.

അങ്ങനെയിരിക്കേ ഒരു ദിവസം..
അയോദ്ധ്യയില്‍ വന്ന വിശ്വാമിത്രമഹര്‍ഷി ദശരഥനോട് ഒരു ആവശ്യം ഉന്നയിച്ചു:
"ഞങ്ങളുടെ യാഗം മുടക്കുന്ന മാരീചനെയും സുബാഹുവിനെയും വധിക്കാന്‍ ശ്രീരാമനെ എന്‍റെ കൂടെ അയക്കണം"
ആ ആവശ്യം കേട്ട ദശരഥന്‍ നടുങ്ങി!!
വന്‍പരാം രാക്ഷസര്‍ക്കെതിരെ രാമനോ??
രാമന്‍ കുഞ്ഞല്ലേ??
ദുഃഖിച്ച് നിന്ന ദശരഥ മഹാരാജാവിനോട് വസിഷ്ഠമുനി പറഞ്ഞു:
"ധൈര്യത്തെ അയച്ചോളു, എല്ലാം നല്ലതിനാണ്"
അങ്ങനെ ശ്രീരാമനും, ലക്ഷ്മണനും വിശ്വാമിത്രന്‍റെ കൂടെ യാത്രയായി.പോകുന്ന വഴി വിശപ്പും ദാഹവും ഉണ്ടാവാതിരിക്കാന്‍ ബലയും, അതിബലയും എന്ന രണ്ട് മന്ത്രങ്ങള്‍ വിശ്വാമിത്രന്‍ കുമാരന്‍മാര്‍ക്ക് പറഞ്ഞ് കൊടുത്തു.അങ്ങനെ അവര്‍ ഗംഗാ നന്ദി കടന്ന് യാഗസ്ഥലത്തേക്ക് യാത്ര തുടര്‍ന്നു..

താടക..
അതി ഭയങ്കരിയായ രാക്ഷസി..
ഉണ്ട കണ്ണ്, വട്ടമുഖം, കറുത്തരൂപം, താടകവനത്തിന്‍റെ അധിപ.
താടകവനത്തില്‍ എത്തിയപ്പോള്‍ വിശ്വാമിത്രന്‍ ഇവളെ കുറിച്ചൊന്ന് സൂചിപ്പിച്ചു.അത് കേട്ടതും ശ്രീരാമന്‍ തന്‍റെ വില്ലില്‍ ഒരു ഞാണൊലി ശബ്ദമുണ്ടാക്കി.അത് കേട്ട് കോപത്തോടെ അലറി വന്ന താടകയെ കണ്ട് മുനി പറഞ്ഞു:
"രാമാ, പെണ്ണാണെന്ന് കരുതണ്ട"
ഭഗവാനു എല്ലാം മനസിലായി!!
"ആരാണ്‌ നിങ്ങള്‍?" താടക അലറി ചോദിച്ചു.
മറുപടിയായി വന്നത് ശ്രീരാമഭഗവാന്‍ തൊടുത്ത് വിട്ട ഒരു ശരമായിരുന്നു.അത് നെഞ്ചത്ത് കൂടി പാഞ്ഞ് പോയപ്പോള്‍ താടകയ്ക്ക് എല്ലാം ബോധ്യമായി.മലര്‍ന്നടിച്ച് വീണ താടകയുടെ സ്ഥാനത്ത് സുന്ദരിയായ ഒരു യക്ഷി പ്രത്യക്ഷപ്പെട്ടു.പണ്ട് ശാപം കിട്ടി താടകയായി മാറിയ അവള്‍, ശാപമോക്ഷം കൊടുത്ത ഭഗവാനോട് നന്ദി പറഞ്ഞ് അവിടെ നിന്നും മറഞ്ഞു.

മുനിമാര്‍ യാഗം തുടങ്ങി..
മാരീചനും സുബാഹുവും മറ്റ് രാക്ഷസരും അത് തടയാനെത്തി.രക്തം വര്‍ഷിക്കാന്‍ വന്നവര്‍, അത് തടയാന്‍ നില്‍ക്കുന്ന ബാലന്‍മാരെ പുച്ഛത്തോടെ നോക്കി.സുബാഹുവിനു ചിരി അടക്കാന്‍ പറ്റിയില്ല, അങ്ങേര്‌ മാക്സിമം ബാസിട്ട് പൊട്ടിച്ചിരിച്ചു:
"ഗു.ഹ..ഹ..ഹ.."
നല്ല ചിരി!!
പക്ഷേ ആ ചിരി മുഴുവിപ്പിക്കാനുള്ള ഭാഗ്യം പാവത്തിനു കിട്ടിയില്ല.അതിനു മുമ്പേ ശ്രീരാമഭഗവാന്‍ തൊടുത്ത ബാണം ആളെ കാലപുരിക്ക് എത്തിച്ചു.ഇനി അവിടിരുന്ന് ചിരിക്കട്ടെ!!
മറ്റ് രാക്ഷസര്‍ ലക്ഷ്മണനോടെ ഏറ്റുമുട്ടി പരാജിതരായി!!
ഇനി ഒരാളുണ്ട്..
മാരീചന്‍!!
തൊട്ടടുത്ത് നിന്ന് ചിരിച്ചോണ്ടിരുന്ന സുബാഹു ഒരു ഓര്‍മ്മ മാത്രമായി എന്ന നഗ്ന സത്യം ബോധ്യമായ ആ മഹാന്‍, രാമബാണത്തിന്‍റെ അടുത്ത ലക്ഷ്യം താനാണെന്നറിഞ്ഞ് ഞെട്ടി.നൂറ്‌ കിലോമീറ്റര്‍ വേഗതയില്‍ പാഞ്ഞ് വരുന്ന ബാണം കണ്ട്, നൂറ്റമ്പത് കിലോമീറ്റര്‍ വേഗതയില്‍ അവനോടി.വെപ്രാളത്തിലുള്ള ഓട്ടത്തിനിടയില്‍ തിരിഞ്ഞ് നോക്കുമ്പോഴെല്ലാം ചിരിച്ച് കാണിക്കുന്ന ബാണത്തെ കണ്ടതോടെ തന്‍റെ അന്ത്യം അടുത്തെന്ന് മാരീചനു ബോധ്യമായി.
മുമ്പില്‍ കണ്ടവരോടെല്ലാം മാരീചന്‍ സഹായം അഭ്യര്‍ത്ഥിച്ചു..
എവിടെ??
രാമബാണത്തെ എതിര്‍ക്കാന്‍ ആര്‍ക്കാണു ധൈര്യം??
സാക്ഷാല്‍ ശ്രീരാമചന്ദ്രനു മാത്രമേ തന്നെ രക്ഷിക്കാന്‍ കഴിയൂ എന്ന പരമാര്‍ത്ഥം മനസിലാക്കിയ മാരീചന്‍, ആ തൃക്കാല്‍ക്കല്‍ അഭയം തേടി..
ഭഗവാന്‍ ക്ഷമിച്ചു..
അങ്ങനെ മാരീചന്‍ ഭഗവാന്‍റെ ഭക്തനായി!!

യാഗം ഭംഗിയായി അവസാനിച്ചു.
അതിനു ശേഷം വിശ്വാമിത്ര മഹര്‍ഷി ഭഗവാനോട് പറഞ്ഞു:
"രാമാ, ജനകമഹീപതിയുടെ മഹായജ്ഞസ്ഥലത്തേക്ക് നമുക്ക് യാത്രയാകാം"
അങ്ങനെ ഭഗവാന്‍റെ അടുത്ത യാത്ര ആരംഭിച്ചു..
ഈ യാത്രയ്ക്ക് ഒരു പ്രത്യേകതയുണ്ട്..
ജനകന്‍റെ വളര്‍ത്ത് മകളും, സാക്ഷാല്‍ ലക്ഷ്മി ദേവിയുടെ അവതാരവുമായ സീതാദേവിയുടെ അടുത്ത് രാമന്‍ എത്തി ചേരുന്നത് ഈ യാത്രയിലായിരുന്നു.അവരെ ഒന്ന് ചേര്‍ക്കുക എന്ന ദൌത്യമുള്ള വിശ്വാമിത്രമഹര്‍ഷി, അതിനായ് തന്നെയാണ്‌ ഭഗവാനെ അങ്ങോട്ടേക്ക് കഷണിച്ചത്.
ഇനി സീതാസ്വയംവരം..
© Copyright
All rights reserved
Creative Commons License
Karkadaka Ramayanam by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com