For reading malayalam..

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ലോഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
കര്‍ക്കടകരാമായണം പൂര്‍ണ്ണമായും എന്‍റെ ആഖ്യാന ശൈലിയാണ്.ദയവായി ഇത് മോഷ്ടിക്കരുതേ, ആവശ്യമുള്ളവര്‍ അറിയിക്കണേ..

അദ്ധ്യായം 29 - സീതാ സ്വീകരണം


രാവണവധം കഴിഞ്ഞു, സീതാദേവിയെ സ്വീകരിക്കാന്‍ സമയമായി.രാമദേവന്‍റെ ആജ്ഞപ്രകാരം യുദ്ധ വിവരങ്ങള്‍, ഹനുമാന്‍ സ്വാമി സീതാദേവിയെ അറിയിക്കുന്നു.അതിനു ശേഷം രാക്ഷസസ്ത്രീകളാല്‍ ഒരുക്കപ്പെട്ട്, സര്‍വ്വാഭരണവിഭൂഷിതയായ സീതാദേവിയെ, രാമസന്നിധിയിലേക്ക് ആനയിക്കപ്പെടുന്നു..
വാനരന്‍മാര്‍ക്ക് ആകാംക്ഷ..
തങ്ങളുടെ ദേവിയെ ഒരു നോക്ക് കണ്ടേ പറ്റു..
അവിടെ ആകെ തിക്കും തിരക്കുമായി!!
അങ്ങനെ തിരക്ക് കൂട്ടുന്ന വാനരന്‍മാരെ തള്ളിമാറ്റാനുള്ള വിഭീഷണന്‍റെ ശ്രമത്തെ ശ്രീരാമദേവന്‍ തടയുന്നു.അങ്ങനെ സീതാദേവി രാമ സന്നിധിയിലെത്തി.

ഒരു കാര്യം ഓര്‍മ്മയുണ്ടോ?
ഇത് മായാ സീതയാണ്!!
ശരിക്കുള്ള സീതാദേവി വഹ്നിമണ്ഡലത്തില്‍ ഒളിച്ചിരിക്കുകയാണ്.ദേവിക്ക് തിരിച്ച് വരാന്‍ സമയമായി.മാത്രമല്ല രാമദേവനെ പിരിഞ്ഞ് ലങ്കയില്‍ വാണ സീത, ലോകത്തിനു മുന്നില്‍ താന്‍ പതിവ്രതയാണെന്ന് തെളിയിക്കേണ്ടത് ആവശ്യവുമാണ്.അതിനായി സീത അഗ്നിപ്രവേശനത്തിനു തയ്യാറാകുന്നു.എന്ത് കര്‍മ്മത്തിനും സാക്ഷിയായ അഗ്നിദേവനോട്, താന്‍ പതിവ്രതയാണെന്നുള്ളത് ലോകത്തെ അറിയിക്കണേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് മായാസീത അഗ്നിയിലേക്ക് ചാടുന്നു.
അതോടുകൂടി ശരിക്കുള്ള സീതാദേവിയുമായി അഗ്നിദേവന്‍ പ്രത്യക്ഷനാകുകയും, സീതാദേവി പതിവ്രതയാണെന്ന് എല്ലാവരെയും അറിയിക്കയും, സീതാദേവിയെ രാമദേവനു തിരിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു.

ദേവിയെ സ്വീകരിച്ച് ജന്മലക്ഷ്യം പൂര്‍ത്തിയാക്കി നില്‍ക്കുന്ന രാമദേവനെ, ദേവേന്ദ്രനടക്കമുള്ള ദേവന്‍മാര്‍ സ്തുതിക്കുന്നു.അപ്പോള്‍ അവിടെ സ്വര്‍ഗ്ഗത്തില്‍ നിന്നും ദശരഥ മഹാരാജാവ് നേരിട്ട് വരികയും, ശ്രീരാമദേവനെ അനുഗ്രഹിക്കുകയും ചെയ്യുന്നു.അതിനു ശേഷം രണ്ട് ദിവസം ലങ്കയില്‍ തങ്ങണം എന്ന് ആവശ്യപ്പെടുന്ന വിഭീഷണനോട്, തന്നെ ഭരതന്‍ കാത്തിരിക്കുകയാണെന്ന് അറിയിച്ച ശേഷം ഭഗവാന്‍ അയോദ്ധ്യയിലേക്ക് യാത്രയാകാന്‍ തയ്യാറാവുന്നു.

ലക്ഷ്മണനോടും, സീതയോടുമൊപ്പം, വൈശ്രവണനില്‍ നിന്ന് രാവണന്‍ സ്വന്തമാക്കിയ പുഷ്പക വിമാനത്തില്‍ അയോദ്ധ്യയിലേക്ക് തിരിക്കാന്‍ ഒരുങ്ങിയ രാമദേവനൊപ്പം, വിഭീഷണനും, സുഗ്രിവനടക്കമുള്ള വാനരന്‍മാരും യാത്രയാവുന്നു.പോകുന്ന വഴിയില്‍ കിഷ്കിന്ധയിലെത്തുകയും, താരയടക്കമുള്ള വാനരസ്ത്രീകളും, അയോദ്ധ്യയിലേക്കുള്ള ആ യാത്രയില്‍ കൂടെ ചേരുകയും ചെയ്യുന്നു.
ആ യാത്രാ വേളയില്‍ ഭരദ്വാജാശ്രമം കണ്ട് ദേവനും സംഘവും അവിടെ ഇറങ്ങുന്നു.

അന്ന് ആശ്രമത്തില്‍ തങ്ങണം എന്ന മുനിയുടെ ആവശ്യപ്രകാരം ശ്രീരാമദേവന്‍ അതിനു തയ്യാറാവുന്നു.
എന്നാല്‍ അയോദ്ധ്യയിലെ സ്ഥിതിയോ?
അവിടെ ഭരതകുമാരന്‍ ഭഗവാനെ കാത്തിരിക്കുകയാണ്..
പതിനാലു വര്‍ഷം തികയുന്ന ദിവസം രാമകുമാരന്‍ ചെന്നില്ലെങ്കില്‍ അഗ്നിയില്‍ ചാടും എന്നാണ്‌ കുമാരന്‍റെ ശപഥം.അതിനാല്‍ ഭരതനെ വിവരങ്ങള്‍ അറിയിക്കേണം എന്ന ദൌത്യവുമായി, ശ്രീരാമദേവന്‍ ഹനുമാന്‍ സ്വാമിയെ അയോദ്ധ്യയിലേക്ക് അയക്കുന്നു.മാരുതി ഭരതനെ കാണുകയും, വിശേഷങ്ങള്‍ അറിയിക്കുകയും ചെയ്യുന്നു.സന്തുഷ്ടനായ ഭരതകുമാരന്‍റെ നേതൃത്വത്തില്‍ അയോദ്ധ്യാ വാസികള്‍ രാമദേവനെ കാത്തിരിക്കുന്നു..
അതാ, ശ്രീരാമദേവന്‍ വരുന്നു..

"ബ്രഹ്മണാ നിര്‍മ്മിതമാകിയ പുഷ്പകം
തന്മേലരവിന്ദനേത്രനും സീതയും
ലക്ഷ്മണസുഗ്രീവ നക്തഞ്ചരാധിപ
മുഖ്യരായുള്ളൊരു സൈന്യസമാന്വിതം
കണ്ടുകൊള്‍വിന്‍ പരമാനന്ദവിഗ്രഹം
പുണ്ഡരീകാക്ഷം പുരുഷോത്തമം പരം"

അയോദ്ധ്യയിലെത്തിയ രാമലക്ഷ്മണന്‍മാര്‍ എല്ലാവരെയും വന്ദിക്കുന്നു.രാവണവധത്തിനു ഭഗവാനെ സഹായിച്ച സുഗ്രീവനു ഭരതന്‍ നന്ദി പറയുന്നു.രാമനിയോഗത്താല്‍ പുഷ്പക വിമാനം, അതിന്‍റെ യഥാര്‍ത്ഥ ഉടമസ്ഥനായ വൈശ്രവണന്‍റെ അടുത്തേക്ക് തിരിച്ച് പോകുന്നു.ഇത്രയം നാളും താന്‍ രാമദേവനെ മനസില്‍ കരുതി രാജ്യം പരിപാലിച്ചെന്നും, അതിനാല്‍ ഐശ്വര്യം വര്‍ദ്ധിച്ചെന്നും, ഇനി ഭഗവാന്‍ തന്നെ രാജ്യഭാരം ഏല്‍ക്കണമെന്നും ഭരതന്‍ ഉണര്‍ത്തിക്കുന്നു.ശ്രീരാമദേവന്‍ അത് സമ്മതിക്കുന്നു.
© Copyright
All rights reserved
Creative Commons License
Karkadaka Ramayanam by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com