For reading malayalam..

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ലോഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
കര്‍ക്കടകരാമായണം പൂര്‍ണ്ണമായും എന്‍റെ ആഖ്യാന ശൈലിയാണ്.ദയവായി ഇത് മോഷ്ടിക്കരുതേ, ആവശ്യമുള്ളവര്‍ അറിയിക്കണേ..

അദ്ധ്യായം 26 - മാരുതി കൈലാസത്തിലേക്ക്


ഇന്ദ്രജിത്തിന്‍റെ ബ്രഹ്മാസ്ത്ര പ്രയോഗത്തിലൂടെ ചോരക്കളമായ ആ പ്രദേശത്തിലൂടെ നടന്ന മാരുതി, വിഭീഷണനെ കാണുകയും, അവര്‍ ഇരുവരും ചേര്‍ന്ന് ആരെങ്കിലും ജീവനോടെ അവശേഷിക്കുന്നുണ്ടോയെന്ന് തിരയുകയും ചെയ്യുന്നു..

വാനരന്‍മാരുടെ ഇടയില്‍ ഹനുമാന്‍ സ്വാമിയെ കൂടാതെ ചിരഞ്ജീവി ആയിരിക്കാനുള്ള വരം ലഭിച്ച ഒരാള്‍ കൂടിയുണ്ട്..
ബുദ്ധിമാനായ ജാംബവാന്‍!!
വിഭീഷണന്‍ അദ്ദേഹത്തെ കണ്ടെത്തുന്നു.വിഭീഷണന്‍റെ സ്വരം മനസിലാക്കി ആളെ തിരിച്ചറിഞ്ഞ ജാംബവാന്‍, ചോര മൂടിയ കാരണം തനിക്ക് കണ്ണ്‌ തുറക്കാന്‍ പാടാണെന്നും, മരിച്ച് വീണവരുടെ ഇടയില്‍ മാരുതി ജീവനോടുണ്ടോന്നും അന്വേഷിക്കുന്നു.
ശ്രീരാമദേവനെയും,സുഗ്രീവനെയും കുറിച്ചൊന്നും തിരക്കാതെ മാരുതിയെ തിരക്കിയതെന്തേ എന്ന വിഭീഷണന്‍റെ ചോദ്യത്തിനു ജാംബവാന്‍ ഇങ്ങനെ മറുപടി പറഞ്ഞു:

"എങ്കിലോ കേള്‍ക്ക നീ മാരുതിയുണ്ടെങ്കില്‍
സങ്കടമില്ല മറ്റാര്‍ക്കുമറിഞ്ഞാലും
മാരുതപുത്രന്‍ മരിച്ചിതെന്നാകില്‍
മറ്റാരുമില്ലൊക്കെ മരിച്ചതിനൊക്കുമേ"

അതേ, മാരുതിക്ക് മാത്രമേ ഇനി എല്ലാവരെയും രക്ഷിക്കാന്‍ കഴിയു!!
ജാംബവാന്‍റെ വാക്ക് കേട്ട് മുന്നില്‍ വന്ന ഹനുമാന്‍ സ്വാമിയോട്, ഹിമവാന്‍ കടന്ന് കൈലാസത്തില്‍ പോകണമെന്ന് ആ വൃദ്ധ വാനരന്‍ ഉപദേശിക്കുന്നു.
അവിടെ ഋഷഭാദ്രി എന്നൊരു പര്‍വ്വതമുണ്ട്..
അതില്‍ നാലു ദിവ്യ ഔഷധങ്ങള്‍ നില്‍പ്പുണ്ട്..
വിശല്യകരണി, സന്താനകരണി, സുവര്‍ണ്ണകരണി, മൃതസഞ്ജീവനി.
ഇതില്‍ നാലാമത്തെ ഔഷധമായ മൃതസഞ്ജീവനി കൊണ്ട് വന്നാല്‍ എല്ലാവരെയും ജീവിപ്പിക്കാം.
മാരുതി കൈലാസത്തിലേക്ക് യാത്രയാകുന്നു..

ചാരന്‍മാരില്‍ നിന്നും ഈ വാര്‍ത്ത അറിഞ്ഞ രാവണന്‍ ഞെട്ടിപോയി!!
പോയിരിക്കുന്നത് ആരാ??
സാക്ഷാല്‍ ഹനുമാന്‍ സ്വാമി!!
ദിവ്യ ഔഷധവുമായി തിരിച്ച് വരും എന്നത് ഉറപ്പ്.
തടയണം, തടഞ്ഞേ പറ്റു..
അതിനു രാവണന്‍ കാലനേമിയെ സമീപിക്കുന്നു.ആദ്യം കാലനേമി രാവണനെ ഉപദേശിക്കാന്‍ ശ്രമിച്ചെങ്കിലും, രാവണന്‍ വധിക്കും എന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ ശ്രീരാമദാസന്‍റെ വഴി മുടക്കാന്‍ തയ്യാറാവുന്നു.

യാത്രാ വേളയിലാണ്‌ ഹനുമാന്‍ സ്വാമി ആ ആശ്രമം കാണുന്നത്..
അത് കാലനേമിയുടെ മായയാണെന്ന് മനസിലാക്കാതെ, മുനി വേഷത്തില്‍ ഇരിക്കുന്ന ആ രാക്ഷസന്‍റെ മുന്നില്‍ മാരുതി ചെല്ലുകയും, ദിവ്യ ഔഷധം വേഗത്തില്‍ കൈക്കലാക്കാന്‍ ഒരു മന്ത്രം ഉപദേശിക്കാം എന്നും, അതിനായി മുഖം കഴുകി, ദാഹം മാറ്റി വരാന്‍ കാലനേമി ഹനുമാന്‍ സ്വാമിയോട് ആവശ്യപ്പെടുകയും ചെയ്യുന്നു.
മുഖം കഴുകാന്‍ തടാകകരയിലെത്തിയ മാരുതിയെ ഒരു ഭയങ്കര മകരി ഭക്ഷിക്കാന്‍ ശ്രമിക്കുന്നു.
മകരി വാ തുറന്നു..
ഹനുമാന്‍ സ്വാമി തന്‍റെ കൈകളാല്‍ ആ വാ പിളര്‍ന്നു..
അതോടു കൂടി മകരിയുടെ സ്ഥാനത്ത് ഒരു അപ്സരസ്സ് പ്രത്യക്ഷപ്പെടുകയും, മാരുതി കണ്ട മുനി കാലനേമി എന്ന രാക്ഷസനാണെന്ന് ബോധിപ്പിക്കുകയും ചെയ്തു.

മാരുതി ആശ്രമത്തില്‍ തിരിച്ചെത്തി..
മുനിയായിരിക്കുന്ന കാലനേമി പറഞ്ഞു:
"ദക്ഷിണ തന്നോളു, നോം മന്ത്രോപദേശം തരാം"
ഒരു ഒറ്റയടി..
മാരുതിയുടെ ദക്ഷിണ..
കാലനേമിയെ കാലന്‍ കൊണ്ട് പോയി!!
ഹനുമാന്‍ സ്വാമി തന്‍റെ യാത്ര തുടര്‍ന്നു.

ലക്ഷ്യ സ്ഥാനത്ത് എത്തിയ വായുപുത്രന്‍, നാലു ഔഷധത്തില്‍ മൃതസഞ്ജീവനി ഏതെന്ന് മനസിലാകാത്തതിനാല്‍, ആ പര്‍വ്വതത്തോട് കൂടി ഉയര്‍ത്തി യുദ്ധഭൂമിയില്‍ എത്തുന്നു.ആ ഔഷധത്തിന്‍റെ ഗന്ധമേറ്റ് എല്ലാവരുടെയും ജീവന്‍ തിരിച്ച് ലഭിക്കുന്നു.മൃതസഞ്ജീവനി അവിടെയുള്ളടത്തോളം കാലം രാവണവധം അസാദ്ധ്യമായതിനാല്‍, ഹനുമാന്‍ സ്വാമി പര്‍വ്വതത്തെ കൈലാസത്തില്‍ തിരികെ കൊണ്ട് വയ്ക്കുന്നു.

വാനരരുടെ എല്ലാം ജീവന്‍ തിരിച്ച് ലഭിച്ചു..
എന്നാല്‍ മരണമടഞ്ഞ രാക്ഷസരുടെ ശരീരം, രാവണനിയോഗത്താല്‍ കടലില്‍ തള്ളിയതിനാല്‍ അവരുടെ ജീവന്‍ തിരിച്ച് ലഭിച്ചില്ല.അവിടെയും രാവണനു തെറ്റി..
വിനാശകാലേ വിപരീത ബുദ്ധി!!
© Copyright
All rights reserved
Creative Commons License
Karkadaka Ramayanam by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com