For reading malayalam..

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ലോഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
കര്‍ക്കടകരാമായണം പൂര്‍ണ്ണമായും എന്‍റെ ആഖ്യാന ശൈലിയാണ്.ദയവായി ഇത് മോഷ്ടിക്കരുതേ, ആവശ്യമുള്ളവര്‍ അറിയിക്കണേ..

അദ്ധ്യായം 13 - ഒരു പുതിയ സൌഹൃദം


അങ്ങനെ കിഷ്കിന്ധാകാണ്ഡം ആരംഭിക്കുന്നു..
ഇവിടെ മുതലാണ്‌ വാനരന്‍മാര്‍ക്ക് രാമായണത്തിലുള്ള പ്രാധാന്യം വിശദമാക്കുന്നത്.
വാനരര്‍ എന്ന് വിശദീകരിച്ചെങ്കിലും ഇവര്‍ ആരാണെന്ന് മനസിലായോ?
വെറും കുരങ്ങന്‍മാരല്ല....
വിഷ്ണുഭഗവാന്‍ ശ്രീരാമ അവതാരം എടുക്കാമെന്ന് പറഞ്ഞപ്പോള്‍, ദേവന്‍മാര്‍ വാനരന്‍മാരായി ജനിക്കാം എന്ന് പറഞ്ഞതോര്‍മ്മയില്ല?
ഈ വാനരന്‍മാര്‍ അവരാ..
രാവണവധത്തിനു ദേവനെ സഹായിക്കാന്‍ വന്ന ദേവാംശമുള്ള വാനരന്‍മാര്‍!!

കിഷ്കിന്ധ..
ഇതാണ്‌ വാനരന്‍മാരുടെ രാജ്യത്തിന്‍റെ പേര്.
ഇവിടുത്തെ രാജാവാണ്‌ ബാലി, മഹാശക്തിമാന്‍..
എതിര്‍ക്കാന്‍ വരുന്നവന്‍റെ പാതി ബലം കൂടി ലഭിക്കും എന്ന വരം നേടിയ ഒരു ഭയങ്കര വാനരന്‍!!
അങ്ങനെയുള്ള ബാലിയോട് മഹിഷവേഷത്തില്‍ വന്ന് യുദ്ധം ചെയ്തവനാണ്‌ ദുന്ദുഭി.
ബാലി ആരാ മോന്‍??
അറവുശാലയില്‍ ആടിന്‍റെ തലയറക്കുന്ന പോലെ ദുന്ദുഭിയുടെ തലയറുത്ത് ഒരു ഏറ്‌ വച്ച് കൊടുത്തു.അങ്ങനെ ദുന്ദുഭിയെ വധിച്ചു.
പക്ഷേ ഒരു അബദ്ധം പറ്റി..
ബാലി വലിച്ചെറിഞ്ഞ ദുന്ദുഭിയുടെ തല ചെന്ന് വീണത് മതംഗാശ്രമത്തിനു സമീപമായിരുന്നു.അതിനാല്‍ രക്തം വീണ്‌ ആശ്രമപരിസരം അശുദ്ധമായി.
അത് കണ്ട് സന്തോഷവാനായ മുനി ബാലിക്ക് ഫ്രീയായി ഒരു ശാപം കൊടുത്തു..
ഫ്രീയായിട്ട് എന്ന് പറഞ്ഞാല്‍, തികച്ചും ഫ്രീയായിട്ട്..
മതംഗാശ്രമം സ്ഥിതി ചെയ്യുന്ന ഋഷ്യമുകാദി മലയില്‍ ബാലി വന്നാല്‍ തലപൊട്ടിത്തെറിച്ച് മരിക്കട്ടെ എന്നായിരുന്നു ആ ശാപം!!
അതി ഭയങ്കരമായ ശാപം!!
ആ ശാപ വാര്‍ത്ത ബാലിയുടെ കാതിലെത്തി..
ഞാന്‍ നേരത്തെ പറഞ്ഞില്ലേ, ബാലി ആരാ മോന്‍??
ശാപം കേട്ടപാതി കേള്‍ക്കാത്ത പാതി ആ മഹാശക്തിമാന്‍ പ്രഖ്യാപിച്ചു:
"തല്ലി കൊന്നാലും ഞാന്‍ ഇനി ആ മലയില്‍ വരില്ല"
അന്നു മുതല്‍ ഋഷ്യമൂകാദി, ബാലികേറാമല എന്ന് അറിയപ്പെട്ടു!!

മായാവി..
മയന്‍റെ പുത്രന്‍!!
ഒരിക്കല്‍ ഈ മായാവി ബാലിയെ യുദ്ധത്തിനു വിളിച്ചു.
മായാവി ആയാലും, ലുട്ടാപ്പി ആയാലും, പുട്ടാലു ആയാലും, ബാലിക്ക് ഒരു പോലാ.അതിനാല്‍ തന്നെ ആരു യുദ്ധത്തിനു വിളിച്ചാലും, 'സോറി, നാളെയാട്ടേ' എന്ന് പറയുന്ന സ്വഭാവം ബാലിക്കില്ല.കാരണം ബാലി വ്യത്യസ്തനാണ്..
യുദ്ധത്തിനു വിളിച്ചാല്‍ ചെല്ലുക, യുദ്ധം ചെയ്യുക, എതിരാളിയെ എടുത്തിട്ട് ചാര്‍ത്തുക..
ഇതാണ്‌ ബാലിയുടെ ഒരു ലൈന്‍!!

അത് തന്നെ ഇവിടെയും സംഭവിച്ചു.
ബാലി മായാവിയോട് യുദ്ധത്തിനു പുറപ്പെട്ടു..
യുദ്ധം തുടങ്ങി കഴിഞ്ഞപ്പോള്‍, താന്‍ പരാജയപ്പെടും എന്ന് ഉറപ്പായ മായാവി ജീവനും കൊണ്ട് ഓടി.ബാലി വിടുമോ, പുറകിനു വച്ച് പിടിച്ചു.അങ്ങനെ മായാവി ഓടി ഒരു ഗുഹയില്‍ കയറി.പുറകിനു ഓടി വന്ന ബാലിയും, ബാലിയോടൊപ്പം അവിടെയെത്തിയ ബാലീസഹോദരന്‍ സുഗ്രീവനും മായാവി ഗുഹയില്‍ ഒളിച്ചതായി മനസിലാക്കി.

താന്‍ യുദ്ധത്തിനായി ഗുഹയിലേക്ക് പോകുകയാണെന്നും, സുഗ്രീവന്‍ ഗുഹാമുഖത്ത് നില്‍ക്കണമെന്നും, ക്ഷീരം പുറത്ത് വന്നാല്‍ അസുരന്‍ മരിച്ചെന്നും, അതല്ല ചോര പുറത്ത് വന്നാല്‍ ബാലി മരിച്ചെന്ന് കരുതി ഗുഹാമുഖം അടച്ച് തിരികെ പോകണമെന്നും അനുജനെ ഉപദേശിച്ചിട്ട് ബാലി യുദ്ധത്തിനായി ഗുഹയിലേക്ക് കയറി..
ദിവസങ്ങള്‍ കഴിഞ്ഞു, ആഴ്ചകള്‍ കഴിഞ്ഞു, അങ്ങനെ ഒരു മാസമായി.
ഗുഹാമുഖത്ത് കാത്ത് നിന്ന സുഗ്രീവന്‍റെ മുമ്പിലേക്ക് ഒഴുകി വന്നത് ചോരയായിരുന്നു..
ബാലി മരിച്ചു!!!
ദുഃഖിതനായ സുഗ്രീവന്‍ അസുരനു പുറത്തിറങ്ങാന്‍ കഴിയാത്ത വണ്ണം ഗുഹാമുഖം അടയ്ക്കുകയും തിരികെ പോകുകയും ചെയ്തു.കാലം കഴിയവേ വാനരര്‍ സുഗ്രീവനെ രാജാവായി അഭിക്ഷേകം ചെയ്തു.

അത്ഭുതം, മഹാത്ഭുതം..
ബാലി മരിച്ചില്ല!!
അപ്പോള്‍ ഗുഹാമുഖത്ത് ഒഴുകി വന്ന ചോരയോ??
അത് മായാവിയുടെ ഒരു നമ്പരല്ലേ, യുദ്ധത്തില്‍ കൊല്ലപ്പെടുന്നതിനു മുമ്പ് സുഗ്രീവനെ തെറ്റിദ്ധരിപ്പിച്ച് ഗുഹാമുഖം അടപ്പിക്കാന്‍ ചെയ്ത ഒരു സൂത്രം!!
അതങ്ങ് ഏറ്റു..
മായാവിയെ കൊന്നിട്ട് തിരിച്ച് വന്ന ബാലി അടഞ്ഞ് കിടക്കുന്ന ഗുഹാമുഖം കണ്ട്, സുഗ്രീവന്‍ മനപൂര്‍വ്വം തന്നെ കൊല്ലാന്‍ വേണ്ടി ചെയ്തതാണെന്ന് തെറ്റിദ്ധരിച്ച് കിഷ്കിന്ധയിലെത്തുകയും, കോപത്തോടെ സുഗ്രീവനെ യുദ്ധത്തിനു വിളിക്കുകയും ചെയ്തു:
"എടാ സുഗ്രീവാ, ധൈര്യമുണ്ടേല്‍ ഇറങ്ങി വാടാ"
അത് കേട്ട് കിഷ്കിന്ധ നടുങ്ങി!!
സിംഹാസനത്തില്‍ കാലിന്‍മേല്‍ കാല്‌ കേറ്റി വച്ച് ഇരിക്കുകയായിരുന്ന സുഗ്രീവന്‍റെ നെഞ്ചൊന്ന് കാളി!!
ഈശ്വരാ..
ബാലിയുടെ സ്വരമല്ലേ??
ഞെട്ടിപോയ സുഗ്രീവന്‍ ഓടിചെന്ന് മട്ടുപ്പാവില്‍ നിന്ന് താഴോട്ട് നോക്കി..
അതേ, ബാലി തന്നെ!!
ദേ, ജീവനോടെ നില്‍ക്കുന്നു!!
താഴോട്ട് ചെന്നാല്‍ ബാലി തന്നെ ഫോട്ടോ ആക്കി മാല ചാര്‍ത്തും എന്നറിയാവുന്ന സുഗ്രീവന്‍, 'അവിടെ തന്നെ നില്‍ക്കണേ, ഞാന്‍ വരുവാ' എന്ന് വിളിച്ച് പറയുകയും, കൊട്ടാരത്തിനു പുറകിലൂടെ ഓടി രക്ഷപ്പെടുകയും ചെയ്തു.ബാലി കിഷ്കിന്ധ തിരിച്ചെടുക്കുകയും, സുഗ്രീവന്‍റെ ഭാര്യയെ അടക്കം സ്വന്തമാക്കി അവിടെ താമസിക്കുകയും ചെയ്തു.

ഓടി പോയ സുഗ്രീവനൊപ്പം സ്നേഹിതരായ നാല്‌ മന്ത്രിമാര്‍ കൂടി ചേര്‍ന്നു.അവര്‍ ബാലികേറാ മലയില്‍ അഭയം പ്രാപിച്ചു.
ഈ കൂട്ടര്‍ ഋഷ്യമുകാദിയില്‍ ദിവസങ്ങള്‍ തള്ളിനീക്കി..
രാവണന്‍ സീതാദേവിയെ തട്ടികൊണ്ട് പോയപ്പോള്‍, അഞ്ച് വാനരന്‍മാരെ കണ്ട് ആഭരണങ്ങള്‍ ഇട്ട് കൊടുത്തത് ഓര്‍മ്മയില്ലേ?
ആ പഞ്ചവാനരര്‍, സുഗ്രീവനും കൂട്ടരും ആയിരുന്നു!!
ഈ സുഗ്രീവനെയും കൂട്ടരെയും കണ്ട് സഖ്യം ഉണ്ടാക്കാനാണ്‌ രാമദേവനോട് ശബരി തപസ്വിനി പറഞ്ഞതും.

ഹനുമാന്‍..
ഏറ്റവും വലിയ ശ്രീരാമഭക്തന്‍!!
ശിവഭഗവാന്‍റെ അംശത്തെ, വായുഭഗവാന്‍ വഹിച്ച്, കേസരി പത്നിയായ അഞ്ജനയില്‍ നിക്ഷേപിക്കുകയും, അതിന്‍ ഫലമായി ജനിക്കുകയും ചെയ്ത വാനരന്‍!!
സുഗ്രീവനൊപ്പം കൂടിയ നാല്‌ മന്ത്രിമാരില്‍ ഒരാള്‍ ഹനുമാനായിരുന്നു.സീതാന്വേഷണവുമായി വരുന്ന രാമലക്ഷ്മണന്‍മാരെ കണ്ട സുഗ്രീവന്‍ ആരാണെന്ന് തിരക്കാന്‍ മാരുതിയെ വിടുന്നു.വന്നിരിക്കുന്നത് സാക്ഷാല്‍ രാമലക്ഷ്മണന്‍മാരാണെന്ന് മനസിലാക്കിയ ഹനുമാന്‍, അവരെ സുഗ്രീവസമീപത്ത് കൊണ്ട് വരുന്നു.
സുഗ്രീവനും ശ്രീരാമഭഗവാനും തങ്ങളുടെ പ്രശ്നങ്ങള്‍ പരസ്പരം പറയുകയും, അന്യോന്യം സഹായിക്കാമെന്ന് ഏല്‍ക്കുകയും, അങ്ങനെ അഗ്നിസാക്ഷിയായി പരസ്പരം സഖ്യം ചെയ്യുകയും ചെയ്യുന്നു.

സീതാദേവി ശ്രീരാമദേവനു കാണാന്‍ വേണ്ടി ഉപേക്ഷിച്ച ആഭരണങ്ങള്‍, സുഗ്രീവന്‍ ദേവനെ കാട്ടുകയും, സീതയെ വീണ്ടെടുക്കാനുള്ള യുദ്ധത്തിനു ഒരു മിത്രമായി വേല ചെയ്യാം എന്ന് ഉറപ്പ് കൊടുക്കുകയും ചെയ്തു.പകരം ശ്രീരാമദേവന്‍ ഇങ്ങനെ പറഞ്ഞു:

"തവ ശത്രുവിനെ കൊന്ന് പത്നിയും രാജ്യവും
വിത്തവുമെല്ലാമടക്കിത്തരുവന്‍ ഞാന്‍
സത്യമിതു രാമഭാഷിതം കേവലം"

വാക്ക് കൊടുത്തിട്ടും സംശയത്തില്‍ നിന്ന സുഗ്രീവന്‍റെ ആഗ്രഹപ്രകാരം, ബാലി കൊന്ന ദുന്ദുഭിയുടെ തല കാലിന്‍റെ പെരുവിരലാല്‍ തൂക്കി എറിഞ്ഞും, ബാലി ഉപയോഗിക്കുന്നതും, വട്ടത്തില്‍ നില്‍ക്കുന്നതുമായ ഏഴ് മരങ്ങളെ ഒറ്റ അമ്പെയ്ത് മുറിച്ചും ശ്രീരാമദേവന്‍ തന്‍റെ കഴിവ് വ്യക്തമാക്കുന്നു.ഭഗവാന്‍റെ പാടവം കണ്ട്, തന്‍റെ പ്രശ്നങ്ങളെല്ലാം മാറും എന്ന് ഉറപ്പായ സുഗ്രീവന്‍ രാമദേവനെ സ്തുതിക്കുന്നു.

© Copyright
All rights reserved
Creative Commons License
Karkadaka Ramayanam by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com