For reading malayalam..

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ലോഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
കര്‍ക്കടകരാമായണം പൂര്‍ണ്ണമായും എന്‍റെ ആഖ്യാന ശൈലിയാണ്.ദയവായി ഇത് മോഷ്ടിക്കരുതേ, ആവശ്യമുള്ളവര്‍ അറിയിക്കണേ..

അദ്ധ്യായം 25 - കുംഭകര്‍ണ്ണന്‍ വധിക്കപ്പെടുന്നു


ലങ്കയിലുള്ള മഹാന്‍മാരായ രാക്ഷസര്‍ കാലപുരിക്ക് യാത്രയായി എന്നറിഞ്ഞ രാവണന്‍, നേരിട്ട് യുദ്ധക്കളത്തിലേക്ക് പോകാന്‍ തീരുമാനിക്കുന്നു.രാവണനൊപ്പം ലങ്കയിലെ എല്ലാ മഹാരഥരന്മാരും പുറപ്പെടുന്നു.ഒരോ വീരന്‍മാരും ആരാണെന്ന് വിഭീക്ഷണന്‍ ശ്രീരാമദേവനു ചൊല്ലിക്കൊടുക്കുന്നു.

ശത്രുക്കള്‍ ലങ്കയില്‍ പ്രവേശിക്കാതിരിക്കാന്‍ കാവല്‍ നില്‍ക്കണം എന്ന് ആജ്ഞാപിച്ച ശേഷം, യുദ്ധമുഖത്തേക്ക് സേനയുമായി രാവണന്‍ പുറപ്പെടുന്നു.അത് കണ്ട് ലക്ഷ്മണ കുമാരന്‍ ശ്രീരാമദേവനോട് പറഞ്ഞു:

"വമ്പനായുള്ളോരിവനോട് പോരിനു
മുമ്പിലടിയനനുഗ്രഹം നല്‍കണം"

രാക്ഷസര്‍ ചതി പ്രയോഗത്തിനു മുമ്പിലാണ്‌ എന്ന ഉപദേശത്തോട് കൂടി ഭഗവാന്‍ ലക്ഷ്മണനെ അനുഗ്രഹിച്ചു യുദ്ധത്തിനു അയക്കുന്നു.

യുദ്ധമുഖത്ത് എത്തിയ ദശമുഖനു ആദ്യം നേരിടേണ്ടി വന്നതു മാരുതിയെ ആയിരുന്നു.അക്ഷകുമാരനെ കൊന്നതു താനാണെന്ന് സൂചിപ്പിച്ച ഹനുമാന്‍ സ്വാമി, രാവണനെ ആഞ്ഞ് അടിക്കുന്നു..
രാവണന്‍റെ കണ്ണില്‍ ഇരുട്ട് കയറി!!
ബോധം വീണ്ടുകിട്ടിയപ്പോള്‍ രാവണന്‍ തിരിച്ചടിച്ചു.ആ സമയത്ത് നീലന്‍ രാവണന്‍റെ തലയിലുള്ള പത്ത് കിരീടത്തിലും മാറി മാറി ചവുട്ടി നൃത്തം തുടങ്ങി..
നീലന്‍റെ നൃത്തത്തിനു നാരദന്‍റെ പാട്ട് അകമ്പടി!!
യുദ്ധത്തിനിടയില്‍ പാട്ടും കൂത്തും..
അതും രാവണന്‍റെ തലയില്‍..
ആഹാ, അടിപൊളി!!

ലക്ഷ്മണകുമാരന്‍ രാവണനുമായി യുദ്ധം തുടങ്ങി.രാവണന്‍റെ വില്ല്‌ വരെ മുറിച്ച് കൊണ്ടായിരുന്നു കുമാരന്‍റെ ശരവര്‍ഷം.അവസാനം ഗത്യന്തരമില്ലാതെ മയന്‍ കൊടുത്ത വേല്‍, രാവണന്‍ കുമാരനു നേരെ പ്രയോഗിക്കുകയും, ആ വേല്‍ ഏറ്റ് കുമാരന്‍ യുദ്ധഭൂമിയില്‍ വീഴുകയും ചെയ്യുന്നു..
ബോധം മറഞ്ഞ് താഴെ വീണ കുമാരന്‍റെ ശരീരം ഉയര്‍ത്താനുള്ള രാവണന്‍റെ ശ്രമങ്ങള്‍ പരാജയപ്പെടുന്നു.അപ്പോഴാണ്‌ ആരോ പുറകില്‍ നിന്ന് തോണ്ടി വിളിക്കുന്ന പോലെ രാവണനു തോന്നിയത്, തിരിഞ്ഞ് നോക്കി..
ഹനുമാന്‍ സ്വാമി!!
എന്തേ??
മറുപടിയില്ല, പകരം മാരുതി കൈ ഉയര്‍ത്തി രാവണന്‍റെ തലയില്‍ ഒരു അടി..
അത് മതി..
രാവണന്‍ രക്തം ശര്‍ദ്ദിച്ച് യുദ്ധഭൂമിയില്‍ വീണു!!
അപ്പോള്‍ തന്നെ, ബോധരഹിതനായി കിടക്കുന്ന ലക്ഷ്മണകുമാരനെ മാരുതി ശ്രീരാമസന്നിധിയിലെത്തിച്ചു.അനുജന്‍റെ അവസ്ഥകണ്ട് കോപിഷ്ടനായ രാമദേവന്‍, മാരുതിയുടെ കണ്ഠത്തില്‍ ഇരുന്ന് രാവണനുമായി യുദ്ധം ചെയ്യുകയും, അമ്പേ പരാജയപ്പെടുത്തുകയും ചെയ്യുന്നു...
ആയുധങ്ങള്‍ നഷ്ടപ്പെട്ടവനെ യുദ്ധേ കൊല്ലുന്നത് ശരിയല്ലാത്തതിനാല്‍, തിരിച്ച് ലങ്കയില്‍ പോയി ആയുധധാരിയായി വരാന്‍ രാമദേവന്‍ രാവണനോട് പറഞ്ഞു..
രാവണന്‍ പേടിച്ച് പോയി..
ഭഗവാന്‍റെ അമ്പ് പിന്തുടരുന്നുണ്ടോ എന്ന് തിരിഞ്ഞ് നോക്കി നോക്കി, ആ ഭീരു ലങ്കയിലേക്ക് ഓടി പോകുന്നു.

ആറുമാസം ഉറങ്ങുകയും, പിന്നെ ആറുമാസം ഉണര്‍ന്നിരിക്കുകയും ചെയ്യും..
വലിയ ശരീരത്തിനു ഉടമ..
രാവണ സഹോദരന്‍..
ഇതാണ്‌ കുംഭകര്‍ണ്ണന്‍!!
ആള്‌ ഇപ്പോള്‍ നല്ല ഉറക്കത്തിലാ, ഉറങ്ങി തുടങ്ങിയട്ട് കുറച്ച് ദിവസങ്ങളേ ആയിട്ടുള്ളുതാനും.എങ്കിലും കുംഭകര്‍ണ്ണനെ ഉണര്‍ത്താന്‍ രാവണന്‍ ഉത്തരവിടുന്നു.
പ്രശ്നമാ..
പെട്ടന്ന് ഉണരുന്ന പ്രകൃതമല്ല!!
ആനയെ കൊണ്ട് ചിഹ്നം വിളിപ്പിച്ചു...
ചെവിക്ക് സമീപം നൂറ്റൊന്ന് കതിന പൊട്ടിച്ചു..
എവിടെ??
ഒരു അനക്കവുമില്ല!!
അവസാനം കുംഭം കണക്കെ രക്തവും, മദ്യവും ഒരുക്കുകയും, ആ ഗന്ധം ഏറ്റ് കുംഭകര്‍ണ്ണന്‍ എഴുന്നേല്‍ക്കുകയും ചെയ്യുന്നു.

ആഹാര ശേഷം രാവണനെ കണ്ട് സീതാദേവിയെ തിരികെ കൊടുക്കാന്‍ ഒരിക്കല്‍ കൂടി ഉപദേശിച്ചെങ്കിലും, ആ ഉപദേശം വെള്ളത്തില്‍ വരച്ച വര പോലെയാണെന്ന് ബോധ്യമായപ്പോള്‍ യുദ്ധമുഖത്തേക്ക് യാത്രയായി..
കുംഭകര്‍ണ്ണന്‍റെ വരവ് കണ്ട വിഭീഷണന്‍, അദ്ദേഹത്തെ വണങ്ങുകയും തന്‍റെ നിസ്സഹായ അവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.വിഭീഷണനെ അനുഗ്രഹിച്ചിട്ട് കുംഭകര്‍ണ്ണന്‍ യുദ്ധത്തിനു തയ്യാറാകുന്നു..
യുദ്ധം തുടങ്ങി..
തന്നെ എതിര്‍ത്ത സുഗ്രീവനെ ശൂലം വച്ച് കുത്തി ബോധം കെടുത്തിയ ശേഷം, തൂക്കിയെടുത്ത് കൊണ്ട് ആ രാക്ഷസന്‍ ലങ്കയിലേക്ക് യാത്രയായി..

ലങ്കയില്‍ സുഗ്രീവനുമായി ചെന്ന കുംഭകര്‍ണ്ണനെ എല്ലാവരും സ്വീകരിക്കുന്നു..
പനനീരും കളഭവും വച്ച് അഭിക്ഷേകം ചെയ്യുന്നു..
ആ സുഗന്ധം ഏറ്റ സുഗ്രീവനു ബോധം തിരിച്ച് കിട്ടി.
ഒരു നിമിഷം..
കുംഭകര്‍ണ്ണന്‍റെ മൂക്കും ചെവിയും കടിച്ച് പറിച്ചിട്ട് സുഗ്രീവന്‍ തിരിച്ച് ഒരു ഒറ്റ ഓട്ടം!!
ദേ, പോയി..
ദേഷ്യം വന്ന കുംഭകര്‍ണ്ണന്‍ വീണ്ടും യുദ്ധമുഖത്തേക്ക്..

ഈക്കുറി തന്നെ എതിര്‍ക്കാന്‍ വന്ന ലക്ഷ്മണനെ ഉപേക്ഷിച്ച് സാക്ഷാല്‍ ശ്രീരാമചന്ദ്രനു നേരെയായി കുംഭകര്‍ണ്ണന്‍റെ ആക്രമണം..
ആ യുദ്ധമദ്ധ്യേ, ഭഗവാന്‍ കുംഭകര്‍ണ്ണനെ വധിച്ചു!!
നാരദന്‍ അടക്കമുള്ളവര്‍ ഭഗവാനെ സ്തുതി ചെയ്യുന്നു.ആ മരണവാര്‍ത്തയറിഞ്ഞ് അതികായന്‍ യുദ്ധത്തിനു വന്നെങ്കിലും, അവന്‍റെ ഗതിയും മറ്റൊന്നായിരുന്നില്ല..
അതികായനും കൊല്ലപ്പെട്ടു!!
ഈ വാര്‍ത്ത അറിഞ്ഞു ഞെട്ടിയ രാവണനെ ആശ്വസിപ്പിച്ച് യുദ്ധത്തിനു വന്ന ഇന്ദ്രജിത്ത്, മറഞ്ഞിരുന്ന് ബ്രഹ്മാസ്ത്രം എയ്ത് എല്ലാരെയും വീഴ്ത്തുന്നു..
യുദ്ധഭൂമി ചോരക്കളമായി!!
രാമലക്ഷ്മണന്‍മാരടക്കം എല്ലാവരും ചോരയില്‍ കുതിര്‍ന്ന് വീണു!!
ദേവന്‍മാരും മുനിമാരും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി വിറച്ചു!!
വിജയശ്രീലാളിതനായി ഇന്ദ്രജിത്ത് ലങ്കയില്‍ തിരിച്ച് പ്രവേശിച്ചു.

എന്നാല്‍ ആ ചോരക്കളത്തില്‍ എല്ലാവരും മരിച്ചിരുന്നില്ല..
കണ്ടില്ലേ, ഒരാള്‍ എഴുന്നേല്‍ക്കുന്നത്..
അത് ആരെന്ന് മനസിലായോ??
മറ്റാരുമല്ല..
ശ്രീരാമഭക്തിയുടെ മൂര്‍ത്തിരൂപം..
ചിരഞ്ജീവിയായിരിക്കും എന്ന് വരം ലഭിച്ച വാനരന്‍..
അതേ..
സാക്ഷാല്‍ ഹനുമാന്‍സ്വാമി!!
ഇനി പേടിക്കേണ്ടാ..
© Copyright
All rights reserved
Creative Commons License
Karkadaka Ramayanam by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com