For reading malayalam..

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ലോഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
കര്‍ക്കടകരാമായണം പൂര്‍ണ്ണമായും എന്‍റെ ആഖ്യാന ശൈലിയാണ്.ദയവായി ഇത് മോഷ്ടിക്കരുതേ, ആവശ്യമുള്ളവര്‍ അറിയിക്കണേ..

അദ്ധ്യായം 19 - ലങ്കാലക്ഷ്മി വിടവാങ്ങുന്നു


ലക്ഷ്മി എന്ന വാക്കിന്‍റെ അര്‍ത്ഥം തന്നെ ഐശ്വര്യം എന്നാണ്.ലങ്ക എന്ന മഹാരാജ്യത്തിന്‍റെ ഐശ്വര്യവും ഒരു ലക്ഷ്മി ആയിരുന്നു..
അതാണ്‌ ലങ്കാലക്ഷ്മി!!
കരയിലെത്തിയ ഹനുമാന്‍സ്വാമി തന്‍റെ ശരീരം കടുകുമണിയോളം ചെറുതാക്കുകയും, ആരും കാണാതെ ലങ്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.എന്നാല്‍ ലങ്കയുടെ കാവലാളായി കഴിയുന്ന ലങ്കാലക്ഷ്മി, മാരുതിയുടെ കടന്ന് കയറ്റത്തെ കണ്ട് പിടിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നു..
ആരാണ്‌ നീ? കള്ളനാണോ? എന്തിനു വന്നു? നിനക്ക് അത്ര ധൈര്യമോ?...
തുടര്‍ന്ന് പരുഷമായ വാചകങ്ങളാല്‍ അധിക്ഷേപവും.അത് കേട്ട് കോപം വന്ന ഹനുമാന്‍സ്വാമി ലങ്കാലക്ഷ്മിയെ ആഞ്ഞടിക്കുന്നു.ആ ശ്രീരാമഭക്തന്‍റെ പ്രഹരം താങ്ങാന്‍ ശേഷിയില്ലാതെ ലങ്കാലക്ഷ്മി, വായില്‍ നിന്നും ചോര വമിച്ച് താഴെ വീഴുന്നു.

തേത്രായുഗേ, ശ്രീരാമദൌത്യവുമായി വരുന്ന, ഒരു കപിശ്രേഷ്ഠന്‍റെ അടി കൊള്ളുമ്പോള്‍ ലങ്കാവാസം അവസാനിപ്പിക്കണം എന്നത് ലങ്കാലക്ഷ്മിക്ക് മുന്നേ അറിവുള്ളതാണ്.ഇപ്പോള്‍ അതിനുള്ള സമയം ആഗതമായിരിക്കുന്നു.ശ്രീരാമദാസനായ ഹനുമാന്‍ സ്വാമിയുടെ അടിയേറ്റ് വീണ ലങ്കാലക്ഷ്മി, സീതാദേവി ശിംശപാവൃക്ഷത്തിന്‍റെ ചുവട്ടില്‍ ഉണ്ടെന്ന് ഹനുമാന്‍ സ്വാമിയെ ബോധിപ്പിച്ച ശേഷം ലങ്കയില്‍ നിന്ന് വിടവാങ്ങി.
അതേ, ശ്രീരാമദൂതുമായി മാരുതി ലങ്കയിലെത്തിയതോടെ, രാവണന്‍റെ ഐശ്വര്യം നശിച്ചു തുടങ്ങിയിരിക്കുന്നു.

ഒരു നല്ല കാര്യം സംഭവിക്കുന്നതിനു മുന്നോടിയായി, സ്ത്രികളുടെ ഇടത് ഭാഗം വിറയ്ക്കും.എന്നാല്‍ പുരുഷന്‍മാരെ സംബന്ധിച്ച്, ഇടത് ഭാഗം വിറച്ചാല്‍ അത് ആപത് സൂചനയാണ്.ഹനുമാന്‍ സ്വാമി ലങ്കയിലേക്ക് പ്രവേശിച്ച ഉടനെ രാവണന്‍റെയും സീതാദേവിയുടെയും ശരീരത്തിന്‍റെ ഇടത് ഭാഗത്ത് ഒരു വിറയല്‍ അനുഭവപ്പെട്ടു.
ശരിയാ..
സീതാ ദേവിയുടെ നല്ല സമയം തുടങ്ങുകയാണ്..
അതേ സമയം രാവണന്‍റെ നാശവും തുടങ്ങിയിരിക്കുന്നു!!

ഹനുമാന്‍ സ്വാമി കൊട്ടാരങ്ങളിലെല്ലാം തിരഞ്ഞു..
ഇല്ല, സീതാദേവി അവിടെയെങ്ങുമില്ല!!
പിന്നെ എവിടെ??
ഹനുമാന്‍സ്വാമിക്ക് പരിഭ്രമമായി.അപ്പോഴാണ്‌ ലങ്കാലക്ഷ്മിയുടെ വാക്കുകള്‍ ഓര്‍ത്തത്..
അശോകവനിയിലെ ശിംശപാവൃക്ഷം!!
അങ്ങനെ അവിടെയെത്തിയ മാരുതി ദേവിയെ കണ്ടെത്തി..
സാക്ഷാല്‍ സീതാദേവിയെ..
രാമനാമം ജപിച്ച്, ശ്രീരാമദേവനെ മാത്രം മനസ്സില്‍ കണ്ട് കൊണ്ട്, ഭഗവാന്‍ തന്നെ രക്ഷിക്കാന്‍ വരും എന്ന ഉറച്ച വിശ്വാസത്തിലിരിക്കുന്ന സീതാദേവിയെ..
അതേ, ഹനുമാന്‍ സ്വാമി ഏറ്റെടുത്ത ദൌത്യത്തിന്‍റെ പൂര്‍ത്തീകരണ വേളയില്‍ എത്തിയിരിക്കുന്നു..
ശ്രീരാമപത്നിയായ സീതാ ദേവിയെ കണ്ടെത്തിയിരിക്കുന്നു!!
സന്തോഷം കൊണ്ട് ആ പരമഭക്തന്‍റെ മനസ്സ് മന്ത്രിച്ചു..

"കമലമകളഖില ജഗദീശ്വരി തന്നുടല്‍
കണ്ടേന്‍ കൃതാര്‍ത്ഥോസ്മ്യഹം കൃതാര്‍ത്ഥോസ്മ്യഹം
ദിവസകരകുലപതി രഘുത്തമന്‍ കാര്യവും
ദീനതയെന്നിയേ സാധിച്ചിതിന്നു ഞാന്‍"

മനസ്സില്‍ നിറഞ്ഞ സന്തോഷത്തോടെ സീതാദേവിയെ സമീപിക്കാന്‍ പോയ മാരുതി, ഒരു വലിയ ശബ്ദ കോലാഹലം കേട്ട് മരത്തില്‍ മറഞ്ഞിരിക്കുന്നു.ആ ശബ്ദകോലാഹലം എന്തെന്നല്ലേ..
അത് രാവണന്‍റെ വരവായിരുന്നു..

ശ്രീരാമദേവന്‍ ലങ്കയില്‍ എത്തിച്ചേരും, സീതാദേവിയെ തട്ടികൊണ്ട് വന്നതിനു യുദ്ധവും ചെയ്യും, മാത്രമല്ല യുദ്ധത്തില്‍ താന്‍ ഭഗവാന്‍റെ കൈ കൊണ്ട് വധിക്കപ്പെടുകയും ചെയ്യും..
ഇത് രാവണനു ഉറപ്പാണ്!!
അതേ പോലെ തലേ ദിവസം ഒരു സ്വപ്നവും കണുകയുണ്ടായി..
ഒരു കപിവരന്‍ സീതാദേവിയെ കാണുന്നതായും, രാമദൂത് കൈ മാറുന്നതായുമായിരുന്നു ആ സ്വപ്നം.തീര്‍ച്ചയായും ഭയപ്പെടേണ്ട കാര്യം തന്നെ.
ഇങ്ങനെ ആകെ മാനസികമായി പരിഭ്രമിച്ചിരിക്കുന്ന രാവണനാണ്‌ ഇപ്പോള്‍ ശബ്ദകോലാഹലത്തോടെ സീതാദേവിയെ കാണാന്‍ വരുന്നത്..
മാരുതി മറഞ്ഞിരുന്നു രാവണന്‍റെ വരവ് ശ്രദ്ധിക്കുന്നു.

രാമനെ മറക്കു, എന്നിട്ട് ലങ്കയിലെ സുഖങ്ങളില്‍ ആറാടി ജീവിക്കു..
ഇതാണ്‌ സീതാദേവിയോട് രാവണന്‍ ആവശ്യപ്പെട്ടത്.
സാക്ഷാല്‍ മഹാലക്ഷ്മിയുടെ അവതാരമായ സീതാദേവിയുടെ മുമ്പില്‍, രാവണന്‍ ചൂണ്ടി കാട്ടിയ സുഖഭോഗങ്ങള്‍ക്ക് എന്ത് വില?
മാത്രമോ..
ശ്രീരാമദേവനെ മനസ്സില്‍ ധ്യാനിച്ച് കഴിയുന്ന ദേവിക്ക് രാവണനെ എന്ത് വില?
അതിനാല്‍ ദേവി ഒരു പുല്‍ക്കൊടി നുള്ളി രാവണന്‍റെ മുന്നിലിട്ടട്ട് ഇങ്ങനെ ചോദിച്ചു..
ആരുമില്ലാത്ത നേരത്ത് തട്ടിക്കൊണ്ട് വരുന്നതാണോ ധീരത?
ശ്രീരാമദേവനെ എതിര്‍ത്ത് തന്നെ കൊണ്ട് വരാന്‍ സാധിക്കുമായിരുന്നോ?
മറുപടിയില്ലാതെ ഇളഭ്യനായി നിന്ന രാവണനോട് ദേവി ഒരു കാര്യം കൂടി സൂചിപ്പിച്ചു..
രാവണാ,
നിന്‍റെ നാശമടുത്തിരിക്കുന്നു..
സമുദ്രം താണ്ടി രാമദേവന്‍ ലങ്കയില്‍ വരും..
ആ തൃക്കൈയ്യാല്‍ നീ കൊല്ലപ്പെടും!!

സീതാ ദേവിയുടെ ഈ മറുപടിയില്‍ കോപിഷ്ടനായി, ദേവിയെ ഉപദ്രവിക്കാന്‍ ആഞ്ഞ രാവണനെ, അദ്ദേഹത്തിന്‍റെ പത്നിയായ മണ്ഡോദരി തടുക്കുന്നു.ഭാര്യയുടെ വാക്ക് കേട്ട് തന്‍റെ ശ്രമത്തില്‍ നിന്ന് പിന്തിരിയുന്ന രാവണന്‍, ദേവിക്ക് കാവല്‍ നില്‍ക്കുന്ന രാക്ഷസികളോട്, നല്ല വാക്ക് പറഞ്ഞ് ദേവിയെ വശത്താക്കാന്‍ ഉപദേശിച്ചിട്ട് കൊട്ടാരത്തിലേക്ക് പോയി.

രാക്ഷസിമാര്‍ പരുക്ഷമായ വാക്കുകളാല്‍ ദേവിയെ സമീപിക്കുന്നു..
എന്നാല്‍ രാമഭക്തയായ ത്രിജട എന്ന രാക്ഷസി അവരെ തടയുന്നു, എന്നിട്ട് ശ്രീരാമദേവന്‍ രാവണനെ വധിക്കുമെന്നും, അതോടു കൂടി എല്ലാവരും സീതാദേവിക്ക് ദാസിയാകേണ്ടി വരുമെന്നും ഉള്ള സത്യം അവരെ ബോധിപ്പിക്കുന്നു.അത് കേട്ട രാക്ഷസികള്‍ ഭീതിയോടെ തങ്ങളുടെ ഉദ്യമത്തില്‍ നിന്നും പിന്മാറുന്നു.ശ്രീരാമദേവന്‍ വരുമെന്ന് ഉറപ്പുണ്ടങ്കിലും, രാമദേവനുമായി പിരിഞ്ഞ് നില്‍ക്കേണ്ടി വന്ന ദുഃഖത്തില്‍ സീതാദേവി ശിംശപാവൃക്ഷചുവട്ടില്‍ തനിയെ ഇരിക്കുന്നു.

പാവം..
ഇപ്പോഴും ദേവി അറിഞ്ഞിട്ടില്ല..
ശ്രീരാമദേവന്‍റെ പരമഭക്തനായ, ഭഗവാനു വേണ്ടി ലങ്ക തന്നെ നശിപ്പിക്കാന്‍ കഴിവുള്ള, ഹനുമാന്‍ സ്വാമി തന്‍റെ രക്ഷ്യക്കായി എത്തിയ വിവരം..
എന്തിനാണ്‌ ദേവി ഇനി വിഷമിക്കുന്നത്?
സാക്ഷാല്‍ ഹനുമാന്‍ സ്വാമിയില്ലേ അടുത്ത്!!
© Copyright
All rights reserved
Creative Commons License
Karkadaka Ramayanam by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com