For reading malayalam..

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ലോഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
കര്‍ക്കടകരാമായണം പൂര്‍ണ്ണമായും എന്‍റെ ആഖ്യാന ശൈലിയാണ്.ദയവായി ഇത് മോഷ്ടിക്കരുതേ, ആവശ്യമുള്ളവര്‍ അറിയിക്കണേ..

അദ്ധ്യായം 18 - സുന്ദരകാണ്ഡം ആരംഭം


സുന്ദരകാണ്ഡം..
രാമായണ കഥയിലെ ഏറ്റവും സുന്ദരമായ ഭാഗം.ഒരു പാട് പ്രത്യേകതയുള്ള ഭാഗമാണ്‌ ഇത്.അതിനാല്‍ തന്നെ, അത് വിവരിക്കുന്നതിനു മുമ്പ് ഒരു ആമുഖം ആവശ്യമാണെന്ന് എന്‍റെ മനസ്സ് പറയുന്നു..

രാമായണ കഥ ശ്രീരാമദേവന്‍റെ ജീവിത യാത്രയാണ്.എന്നാല്‍ അതേ കഥയിലെ ഒരു ഏടായ സുന്ദരകാണ്ഡത്തില്‍ രാമദേവന്‍ അദൃശനായകനാണ്.ഇവിടെ യഥാര്‍ത്ഥ നായക സ്ഥാനം ഹനുമാന്‍ സ്വാമിക്കാണ്...
ശ്രീരാമഭക്തിയുടെ മൂര്‍ത്തിരൂപമായ ഹനുമാന്‍സ്വാമിക്ക്.

രാമായണ കഥ മുഴുവന്‍ പാരായണം ചെയ്യുന്നതിന്‍റെ ഫലം, ഭക്തി പൂര്‍വ്വം സുന്ദരകാണ്ഡം പാരായണം ചെയ്താല്‍ ലഭിക്കും.ഇത് എന്‍റെ വാക്കല്ല, ഗുരുക്കന്‍മാര്‍ പകര്‍ന്ന് തന്ന അറിവാണ്.
ഇതൊരു വെറും വാക്കായി ഞാന്‍ കരുതുന്നുമില്ല!!
എപ്പോഴും രാമനാമം ജപിക്കുന്ന ഹനുമാന്‍സ്വാമിയുടെ വീര കൃത്യങ്ങള്‍ വിവരിക്കുന്ന സുന്ദരകാണ്ഡം, ഭക്തിപൂര്‍വ്വം പാരായണം ചെയ്താല്‍, തീര്‍ച്ചയായും ശ്രീരാമദേവന്‍റെ അനുഗ്രഹവും, ഹനുമാന്‍സ്വാമിയുടെ അനുഗ്രഹവും നമുക്ക് കിട്ടുക തന്നെ ചെയ്യും.

ഞാന്‍ ആദ്യമേ സൂചിപ്പിച്ചിരുന്നു, ഭക്തിപൂര്‍വ്വമായ രാമായണ കഥ എന്നതിലുപരി, വ്യക്തമായ ഒരു ആഖ്യാനത്തിനാണ്‌ ഞാന്‍ ശ്രദ്ധ കൊടുത്തിരുന്നത്.എന്നാല്‍ ഈ അദ്ധ്യായത്തില്‍ തുടങ്ങി, അഞ്ച് അദ്ധ്യായങ്ങളിലൂടെ വിവരിക്കുന്ന സുന്ദരകാണ്ഡത്തില്‍, ഞാന്‍ എന്‍റെ ആഖ്യാനശൈലി മാറ്റുകയാണ്.
ഇവിടെ ഭക്തിക്കാണ്‌ പ്രാധാന്യം..
സുന്ദരകാണ്ഡം ഭക്തിയോടെ തന്നെയാണ്‌ വായിക്കേണ്ടത്.
പ്രിയപ്പെട്ട വായനക്കാരോട് ഒരു വാക്ക്, നിങ്ങള്‍ ഏത് ഈശ്വരനില്‍ വേണേലും വിശ്വസിച്ചോളു, നിങ്ങള്‍ വിശ്വസിക്കുന്ന ആ ഈശ്വരനെ മനസ്സില്‍ കരുതി, ഭക്തിപൂര്‍വ്വം ഈ സുന്ദരകാണ്ഡം വായിക്കു.രാമായണ കഥ മുഴുവന്‍ പാരായണം ചെയ്തതിന്‍റെ പുണ്യം ഇതില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കും, തീര്‍ച്ച!!

"മനോജവം മാരുതതുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ടം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം ശിരസ്സാ നമാമി"

ഹനുമാന്‍സ്വാമിയെ മനസ്സില്‍ ധ്യാനിച്ച്, ഞാനിവിടെ സുന്ദരകാണ്ഡം വിവരിക്കുന്നു..

ജാംബവാനില്‍ നിന്നും തന്‍റെ ബലത്തെ കുറിച്ച് ബോധവാനായ ഹനുമാന്‍സ്വാമി, വാമനനെ പോലെ ഭീമാകാരമായ രൂപത്തില്‍ വളരുന്നു.അതിനുശേഷം കപികളുടെ ആശംസകള്‍ സ്വീകരിച്ച് കൊണ്ട്, മഹേന്ദ്രപര്‍വ്വതത്തിന്‍റെ മുകളില്‍ കയറി നിന്നു..
ഇപ്പോള്‍ അദ്ദേഹത്തിന്‍റെ മനസ്സില്‍ ഒരേ ഒരു ലക്ഷ്യം മാത്രം..
ലങ്ക..
രാവണന്‍റെ രാജ്യം!!
അവിടെ ചെല്ലുക, സീതാദേവിയെ കാണുക, അന്വേഷണദൌത്യം പൂര്‍ത്തിയാക്കുക.
ഹനുമാന്‍സ്വാമിക്ക് അതിനു കഴിയും, അദ്ദേഹത്തിനു മാത്രമേ അത് സാധിക്കു.ശ്രീരാമദേവനെ മനസ്സില്‍ ധ്യാനിച്ച്, ലങ്ക എന്ന ഒരേ ഒരു ലക്ഷ്യം മനസ്സില്‍ കരുതി, ഭഗവാന്‍റെ ദൂതുമായി, ഭക്തിയുടെ ഉത്തമ ഉദാഹരണമായ ഹനുമാന്‍സ്വാമി, മുന്നിലെ മഹാസമുദ്രത്തിനെ വക വയ്ക്കാതെ, ദക്ഷിണദിക്കിലുള്ള ലങ്കയിലേക്ക് ചാടി..
അല്ല, സാക്ഷാല്‍ ഗരുഡനെ പോലെ, അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹം പറക്കുകയായിരുന്നു.

ഹനുമാന്‍സ്വാമിയുടെ മാര്‍ഗ്ഗത്തിനു വിഘ്നം വരുത്താന്‍ ആര്‍ക്കെങ്കിലും കഴിയുമോ?
ഇല്ല, ഒരിക്കലുമില്ല!!
എന്നാല്‍ അതിനു വേണ്ടി പലരും ശ്രമിച്ചു..
അറിയേണ്ടേ, അത് ആരെല്ലാമാണെന്ന്??
പറയാം..

ആദ്യമായി വിഘ്നത്തിനു കാതലായത് ദേവന്‍മാര്‍ തന്നെയായിരുന്നു.മാര്‍ഗ്ഗവിഘ്നം വരുത്തി ഹനുമാന്‍സ്വാമിയെ തന്‍റെ ലക്ഷ്യത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നില്ല ദേവന്‍മാരുടെ ഉദ്ദേശം.
പിന്നെയോ?
ഹനുമാന്‍സ്വാമിയുടെ ബുദ്ധി, ബലം, വീര്യം എന്നിവ ഒന്ന് പരീക്ഷിക്കുക.ഇത് മാത്രമേ ദേവന്‍മാരുടെ മനസ്സില്‍ ഉണ്ടായിരുന്നുള്ളു.അതിന്‍ പ്രകാരം അവര്‍ പാതാളത്തിലെത്തി സരസയെ കണ്ടു, എന്നിട്ട് മാര്‍ഗ്ഗവിഘ്ന ദൌത്യം അവരെ ഏല്‍പ്പിച്ചു.അങ്ങനെ ദേവന്‍മാരുടെ ആഗ്രഹപ്രകാരം വായുവേഗത്തില്‍ ലങ്കയിലേക്ക് പറക്കുന്ന ഹനുമാന്‍ സ്വാമിയുടെ മുമ്പില്‍ ഒരു തടസ്സമായി സരസ പ്രത്യക്ഷപ്പെട്ടു.

തനിക്ക് വിശക്കുന്നെന്നും, അതിനാല്‍ തനിക്കുള്ള ആഹാരമാകാന്‍ തയ്യാറാവണമെന്നും സരസ പറയുന്നു.എന്നാല്‍ ഹനുമാന്‍ സ്വാമിയുടെ മറുപടി അറിയേണ്ടേ..
താന്‍ ശ്രീരാമദൌത്യവുമായി പോകുകയാണ്, അത് പൂര്‍ത്തിയാക്കിയതിനു ശേഷം തിരിച്ച് വരാം.
ഈ മറുപടി ശ്രദ്ധിച്ചില്ലേ?
ഹനുമാന്‍ സ്വാമിയുടെ കഴിവിനു മുന്നില്‍ സരസ ഒന്നുമല്ല, എന്നാല്‍ ആഹാരമാകാന്‍ പറഞ്ഞ ഒരാളോട് ശത്രുതാമനോഭാവം പുലര്‍ത്താതെ, വിനയപൂര്‍വ്വം ഇങ്ങനെ ഒരു മറുപടി നല്‍കാന്‍ ഒരു പൂര്‍ണ്ണ ഈശ്വരവിശ്വാസിക്ക് മാത്രമേ കഴിയു..
ഈ മറുപടിയില്‍ സരസ സംതൃപ്തയായോ?
ഇല്ലേയില്ല!!
സരസയെ ഒഴിവാക്കാന്‍ വേണ്ടി ഹനുമാന്‍സ്വാമി തന്‍റെ ശരീരം പത്ത് യോജന വലുതാക്കി.അത് കണ്ട സരസ, തന്‍റെ വായ് ഇരുപത് യോജന വലുതാക്കി.അതിനു പകരമായി മാരുതി തന്‍റെ ശരീരം മുപ്പത് യോജന വലുതാക്കി.സരസയും വിട്ട് കൊടുക്കാന്‍ തയ്യാറായിരുന്നില്ല, അവള്‍ തന്‍റെ വായ് അമ്പത് യോജനയാക്കി.
ഒരു നിമിഷം..
ബുദ്ധിമാനായ ഹനുമാന്‍സ്വാമി തന്‍റെ ശരീരം വളരെ ചെറുതാക്കുകയും, സരസയുടെ വായില്‍ കൂടി കയറി മൂക്കിലൂടെ പുറത്ത് വരുകയും ചെയ്തു.ആഹാരമാകണം എന്ന ആവശ്യവുമായി നിന്ന സരസ മാരുതിയുടെ ഈ പ്രകടനം തീരെ പ്രതീക്ഷിച്ചില്ല.വിസ്മയപ്പെട്ട് നിന്ന സരസയെ നോക്കി വായുപുത്രന്‍ ഇങ്ങനെ സ്തുതിച്ചു:

"ശൃണുസുമുഖി! സുരസുഖപരേ! സുരസേ! ശുഭേ!
ശുദ്ധേ! ഭുജംഗമാതാവേ! നമോസ്തുതേ
ശരണമിഹ ചരണസരസിജയുഗളമേവ തേ
ശാന്തേ ശരണ്യേ! നമസ്തേനമോസ്തുതേ!"

സരസ സന്തോഷവതിയായി.ഹനുമാന്‍സ്വാമിയെ അനുഗ്രഹിച്ച ശേഷം അവള്‍ പാതാളത്തിലേക്ക് തിരികെ പോയി.ഹനുമാന്‍സ്വാമി തന്‍റെ യാത്ര തുടര്‍ന്നു..
അടുത്ത വിഘ്നം മൈനാകമായിരുന്നു..

മൈനാകം ഒരു പര്‍വ്വതാമാണ്, എന്നാല്‍ മനുഷ്യവേഷത്തിലാണ്‌ ഹനുമാന്‍സ്വാമിക്ക് വിഘ്നമായി വന്നത്.ഉപദ്രവിക്കാനായിരുന്നില്ല, എല്ലാരുടെയും ഉപദേശ പ്രകാരം മാരുതിക്ക് വിശ്രമിക്കാനുള്ള അവസരം ഒരുക്കാന്‍ വന്നതാണ്.എന്നാല്‍ മൈനാകത്തോട് പറയാന്‍ ഹനുമാന്‍സ്വാമിക്ക് ഒരു മറുപടിയെ ഉണ്ടായിരുന്നുള്ളു..
താന്‍ ശ്രീരാമദൌത്യവുമായി പോകുകയാണ്, വിശ്രമം അതിനു ശേഷം മാത്രം!!
തന്‍റെ ആരാധനാമൂര്‍ത്തിയുടെ കാര്യസാദ്ധ്യത്തിനായുള്ള യാത്രയില്‍ വിശ്രമം ആവശ്യമില്ലെന്ന് പറയാന്‍ ഒരു ഉത്തമഭക്തനേ കഴിയു..
ഹനുമാന്‍സ്വാമി ഒരു ഉത്തമ ഭക്തനാണ്!!
ആ മറുപടിയില്‍ സന്തുഷ്ടനായ മൈനാകം യാത്രയായി, മാരുതി ലങ്ക എന്ന ലക്ഷ്യത്തിലേക്ക് വീണ്ടും ശ്രദ്ധയൂന്നി..

സിംഹിക..
ആകാശമാര്‍ഗ്ഗേ പോകുന്ന ജീവികളെ, അവയുടെ നിഴലിനെ പിടിച്ച് നിശ്ചലമാക്കുകയും, ഭക്ഷിക്കുകയും ചെയ്യുന്നവള്‍.ഈക്കുറി അവള്‍ നിഴല്‍ പിടിച്ച് നിര്‍ത്താന്‍ നോക്കിയത് രാമദൌത്യവുമായി പോകുന്ന ഹനുമാന്‍സ്വാമിയെയാണ്.
കഷ്ടം തന്നെ!!
തന്‍റെ യാത്രക്ക് തടസ്സമായി നിഴലില്‍ പിടിച്ച് നിന്ന സിംഹികയെ, കാലാല്‍ തൊഴിച്ച് യമപുരത്തിലാക്കിയ ശേഷം ഹനുമാന്‍സ്വാമി തന്‍റെ യാത്ര തുടര്‍ന്നു..
അങ്ങനെ ലങ്കയെത്തി..
ശത്രുക്കളുടെ കണ്ണില്‍ അകപ്പെടാതിരിക്കാന്‍, തന്‍റെ ശരീരത്തെ വളരെ ചെറുതാക്കി, ആ ശ്രീരാമദാസന്‍ ലങ്കയിലേക്ക് പ്രവേശിച്ചു.
© Copyright
All rights reserved
Creative Commons License
Karkadaka Ramayanam by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com