For reading malayalam..

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ലോഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
കര്‍ക്കടകരാമായണം പൂര്‍ണ്ണമായും എന്‍റെ ആഖ്യാന ശൈലിയാണ്.ദയവായി ഇത് മോഷ്ടിക്കരുതേ, ആവശ്യമുള്ളവര്‍ അറിയിക്കണേ..

അദ്ധ്യായം 09 - ശൌര്യം പോയ ശൂര്‍പ്പണഖ


ഇനി കഥ ആകാശത്തിലാ..
ആകാശം എന്ന് പറഞ്ഞാല്‍ ദേവലോകമല്ല, സാദാ നീലാകാശം.
അതാ, ഒരു സുന്ദരി ആകാശത്തിലൂടെ പറന്ന് വരുന്നു..
അത് അവളാണ്..
ശൂര്‍പ്പണഖ!!
രാവണന്‍റെ സഹോദരി!!
നിങ്ങള്‍ക്കിവളെ ദുഷ്ട എന്നും, ആധൂനികമായി വില്ലി അഥവാ വില്ലത്തി എന്നും വിളിക്കാം.

അവള്‍ പഞ്ചവടിക്ക് മുകളിലെത്തുകയും, സീതാലക്ഷ്മണ സമേതനായി വാഴുന്ന രാമദേവനെ കാണുകയും ചെയ്തു.ഭഗവാന്‍റെ സൌന്ദര്യത്തില്‍ ആകൃഷ്ടയായ അവള്‍, ഭഗവാനില്‍ അനുരക്തയാകുകയും, ആ പ്രേമം വളര്‍ന്ന് കാമമാകുകയും ചെയ്തു.തത്ഫലമായി പഞ്ചവടി പരിസരത്തിലേക്ക്, ആകാശത്ത് നിന്നും അവള്‍ ക്രാഷ് ലാന്‍ഡ് ചെയ്തു.

സീതയോടൊപ്പം ഇരുന്ന രാമഭഗവാനെ സമീപിച്ച അവള്‍, താന്‍ രാവണസഹോദരിയാണെന്ന് പരിചയപ്പെടുത്തിയ ശേഷം, ഭഗവാനാരെന്ന് ചോദിച്ചു.ശ്രീരാമദേവന്‍ ആ കാട്ടിലെത്തി ചേരാനുള്ള സാഹചര്യം അവളോട് വിശദീകരിച്ചു.അത് കേട്ടശേഷം രാമദേവനോടൊത്ത് രമിക്കാനുള്ള ആഗ്രഹം അവള്‍ ദേവനെ അറിയിച്ചു.

തനിക്ക് ജീവിതത്തില്‍ ഒരു ഭാര്യയെ മതിയെന്നും, ലക്ഷ്മണനോടൊപ്പം ആരുമില്ലന്നും, അതിനാല്‍ അദ്ദേഹത്തെ സമീപിക്കാനും രാമദേവന്‍ പറഞ്ഞു.അങ്ങനെ അവള്‍ ലക്ഷ്മണനെ സമീപിച്ചു..
ചേട്ടനെ കിട്ടിയില്ലേല്‍ അനിയനെ മതി എന്ന ലൈന്‍!!
ശൂര്‍പ്പണക ഒരു രാക്ഷസി തന്നെ!!
എന്നാല്‍, താന്‍ രാമദാസനാണെന്നും, തന്നെ കെട്ടി ഒരു ദാസിയാകേണ്ടവളല്ല ശൂര്‍പ്പണഖയെന്നും അതിനാല്‍ ഒരിക്കല്‍ കൂടി രാമഭഗവാനെ സമീപിക്കുന്നതാണ്‌ നല്ലതെന്നും പറഞ്ഞ് ലക്ഷ്മണന്‍ അവളെ കളിയാക്കി വിട്ടു..
അതൊരു തുടര്‍ക്കഥ പോലെയായി..
രാമദേവന്‍ ലക്ഷ്മണ സമീപത്തേക്കും, ലക്ഷ്മണന്‍ രാമദേവന്‍റെ അടുത്തേക്കും അവളെ പല പ്രാവശ്യം പറഞ്ഞ് വിട്ടു.

പാവം ശൂര്‍പ്പണഖ..
ആത്മാര്‍ത്ഥമായി രണ്ട് പേരെ പ്രേമിച്ചു!!
പക്ഷേ ആരും അവളെ തിരിഞ്ഞ് നോക്കുന്നില്ല!!
അവള്‍ക്ക് ദുഃഖവും ദേഷ്യവും എല്ലാം വന്നു.അവള്‍ രാക്ഷസരൂപത്തിലേക്ക് മാറി.
സീതാദേവി കാരണമാണ്‌ ആരും നോക്കാത്തതെന്ന് വിശ്വസിച്ച് അവള്‍, ദേവിയെ കൊല്ലാനായി പാഞ്ഞടുത്തു..
അത് കണ്ട് സൌമ്യനായ ശ്രീരാമദേവന്‍ അവളെ തടയാന്‍ മുന്നിലേക്കിറങ്ങി.
പക്ഷേ ലക്ഷ്മണകുമാരന്‍..
പണ്ടേ മുന്‍ കോപിയാ, മാത്രമല്ല ഇവിടിപ്പോള്‍ അമ്മയെ പോലെ കരുതുന്ന സീതാദേവിയുടെ നേരെ ശൂര്‍പ്പണഖ വരുന്ന കണ്ടുള്ള മാനസികാവസ്ഥയും..
അദ്ദേഹം വാളുമായി മുന്നോട്ട് ചാടി ഒരു വീശ്‌ വീശി..
അത് ഒരു ഒന്നൊന്നര വീശായിരുന്നു!!
ശൂര്‍പ്പണഖയ്ക്ക് സ്വന്തമായുണ്ടായിരുന്ന പലതും താഴെ വീണു!!
രാമായണത്തില്‍ ആ ദൃശ്യം ഇങ്ങനെ വിവരിക്കുന്നു..

"വാളുറയൂരിക്കാതും മുലയും മൂക്കുമെല്ലാം
ഛേദിച്ച നേരമവളലറി....."

ശരിയാ..
ശൂര്‍പ്പണഖ അലറി..
അമ്മാതിരി ചെയ്ത്തല്ലിയോ ചെയ്തത്!!

ശൂര്‍പ്പണഖയുടെ വേര്‍പെട്ട ശരീരഭാഗങ്ങളില്‍ നിന്നെല്ലാം രക്തം ചാടി.ഇപ്പോള്‍ അവളെ കണ്ടാല്‍ ഒരു മല പോലെയും, ആ മലയുടെ പല ഭാഗത്ത് നിന്നും നദി പോലെ ചോര ഒഴുകുന്നതായും തോന്നും.അവള്‍ ഓടി കരഞ്ഞ് കൊണ്ട് ഖരന്‍റെ അടുത്തെത്തി..

ഖരന്‍, ദൂഷണന്‍, ത്രിശിരസ്സ്..
ഇതവളുടെ വകയിലെ സഹോദരരാ..
ദേഹമാസകലം ചോര വാര്‍ന്നൊഴുകുന്ന രീതിയില്‍ ചെല്ലുന്ന രൂപത്തെ കണ്ട് ഖരന്‍ ചോദിച്ചു:
"ആരാ?"
"ഞാനാ, ശൂര്‍പ്പണഖ"
ങ്ങേ!!
ശൂര്‍പ്പണഖയെന്താ ഇങ്ങനെ??
ആരോ ദേഹത്തൊക്കെ വെട്ടിയിരിക്കുന്നു!!
കോപാകുലനായ ഖരന്‍ ആരാഞ്ഞു:

"മൃത്യുതന്‍ വക്ത്രത്തില്‍ സത്വരം പ്രവേശിച്ച
തത്ര ചൊല്ലാരെന്നെന്നോടെത്രയും വിരയെ നീ"

വല്യ പുള്ളിയാ!!
ആരാ വെട്ടിയതെന്ന ചോദ്യത്തിനു പകരം ചോദിച്ച കേട്ടില്ലേ..
ആരാ ചാവാന്‍ തയ്യാറായതെന്ന്??
ഉത്തരം സിംപിള്‍!!
ഖരന്‍, ദൂഷണന്‍, ത്രിശിരസ്സ്..
പിന്നെ കുറേ രാക്ഷസര്‍!!
കണ്ടോണം, ഇവരെല്ലാം ഇപ്പോള്‍ തീര്‍ന്ന് കിട്ടും.
അതെങ്ങനെ എന്നല്ലേ??
പറയാം.

ആദ്യം ഖരന്‍ രാമഭഗവാനെ കൊല്ലാന്‍ ഒരു പതിനാല്‌ പേരെ ശൂര്‍പ്പണഖയുടെ കൂടെ പറഞ്ഞയച്ചു.അല്പം കഴിഞ്ഞപ്പോള്‍ കൂടെ വന്ന പതിനാലു പേരെയും ശീരാമന്‍ കൊന്നു എന്ന മഹത്തായ സത്യം ശൂര്‍പ്പണഖ ഖരനെ അറിയിച്ചു.അത് കേട്ട് കോപിച്ച ഖരന്‍, ദൂഷണനോടും, ത്രിശിരസ്സിനോടുമൊപ്പം പതിനാലായിരം നിശാചരരെയും കൂട്ടി യുദ്ധത്തിനു പുറപ്പെട്ടു.

സീതയെയും കൊണ്ട് ഒരു ഗുഹയിലേക്ക് മാറിയിരിക്കാന്‍ ലക്ഷ്മണനോട് പറഞ്ഞിട്ട് രമദേവന്‍ അവരെ എതിര്‍ത്തു..
ഒരു നാഴിക..
രണ്ട് നാഴിക..
മൂന്ന് നാഴിക....
മൂന്നേ മുക്കാല്‍ നാഴിക..
തീര്‍ന്നു!!
ഖരന്‍, ദുഷണന്‍, ത്രിശിരസ്സ്, പതിനാലായിരം രാക്ഷസര്‍..
എല്ലാവരും പടമായി!!

രാമഭഗവാന്‍ തൊടുത്ത് വിട്ട ഒരു ശരം, ഖരന്‍റെ തലയെ, കഴുത്തില്‍ നിന്ന് കണ്ടിച്ച് രാവണന്‍റെ ലങ്കയുടെ മുമ്പില്‍ കൊണ്ടിട്ടട്ട് തിരിച്ച് ഭഗവാന്‍റെ അടുത്തെത്തി.മഴപെയ്യാന്‍ ചാന്‍സുണ്ടോന്നറിയാന്‍ ആകാശത്തേക്ക് നോക്കിയിരുന്ന രാക്ഷസര്‍, മഴയ്ക്ക് പകരം ഒരു തല വന്നത് കണ്ട് ഞെട്ടുകയും, അത് ആരുടെ തലയാണെന്ന് പരസ്പരം ചോദിക്കുകയും ചെയ്തു.കൂട്ടത്തില്‍ ചിലര്‍ സ്വന്തം കഴുത്തിനു മുകളില്‍ തപ്പി നോക്കുകയും, തന്‍റെ തല അവിടെ തന്നെ ഉണ്ടെന്ന് സ്വയം ബോധ്യമാക്കുകയും ചെയ്തു.

യുദ്ധത്തിനു ശേഷം, രാമദേവന്‍ ലക്ഷ്മണനോട്, രാവണന്‍റെ വരവിനുള്ള സമയമായെന്ന് സൂചിപ്പിക്കയും, ഖരനും കൂട്ടരും മരിച്ചത് മുനിമാരെ അറിയിക്കാന്‍ ഏല്‍പ്പിക്കുകയും ചെയ്തു.ലക്ഷ്മണനില്‍ നിന്ന് ആ സന്തോഷവാര്‍ത്ത അറിഞ്ഞ മുനിമാര്‍ ഒരു അംഗുലീയവും, ഒരു ചുഡാരത്നവും, ഒരു കവചവും സമ്മാനമായി കൊടുത്തു.ഇതില്‍ അംഗുലീയം രാമദേവനെടുക്കുകയും, കവചം ലക്ഷ്മണനും, ചൂഡാരത്നം സീതാദേവിക്കും നല്‍കുകയും ചെയ്തു.
© Copyright
All rights reserved
Creative Commons License
Karkadaka Ramayanam by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com